2025 ജനുവരി 2, വ്യാഴാഴ്‌ച

പിന്‍ബഞ്ച്


---------------------------
ശ്രുതിമോളുടെമമ്മി
ഒന്നാംക്ലാസിനുമുന്നില്‍,
ചുവപ്പിച്ചചുണ്ടില്‍ പുഞ്ചിരിപുരട്ടി
മിഴിക്കോണുകൊണ്ടു വിളിച്ചു.
പലതായിമടക്കിയനോട്ടുകള്‍
ഇളംകയ്യിലേല്‍പ്പിച്ച്
ചോക്കലേറ്റു വാങ്ങണം
നന്നായിപഠിക്കണം
നല്ലകുട്ടിയായിരിക്കണം
മമ്മിയെപ്പോഴുംവന്നു-
കാണാന്‍പറ്റിയെന്നു വരില്ല
മമ്മിക്കൊരു വാവകൂടി
വരാന്‍പോകുന്നു
മോള്‍ടെ പുതിയമമ്മിയെ
തെരക്കിയെന്നു പറയുക
നല്ലതുവരാന്‍ പ്രാര്‍ത്ഥിക്കണം
കുരിശുവരച്ചു കിടക്കണം
എന്നൊക്കെപറഞ്ഞ്
വീണ്ടുംവരാമെന്നു കൊതിപ്പിച്ച്
പടികളിറങ്ങിയില്ലണ്ടായി.
അമര്‍ത്തിയതേങ്ങലി-
ലകംകലങ്ങി മുഖംകുനിച്ച്
പിന്‍ബഞ്ചിലേക്കവളും ശൂന്യമായി.

//////////ബന്‍സിജോയ്

2018 മേയ് 1, ചൊവ്വാഴ്ച

ചക്കോസാറിന്റെ നീതിബോധവും അപ്പുക്കുട്ടന്റെ പ്രതിസന്ധിയും


...................................................
പത്താംക്ലാസ്സു ബീയിലെ
അപ്പുക്കുട്ടന്‍
ഒരപ്രഖ്യാപിത സമരത്തിനു
കോപ്പുകൂട്ടി.
കുട്ടികളുടെ ഹൃദയമിടിപ്പറിഞ്ഞ്
അദ്ധ്യാപനം തപസ്യയാക്കിയ,
സുമതിട്ടീച്ചര്‍ ചെവിക്കുചെവിയാലെ
കാര്യമറിഞ്ഞു
പ്രകോപനത്തിനുകാരണം
പിന്‍ബഞ്ചുകാരന്‍
ചക്കപ്പോണ്ണന്‍ സതീശന്‍
ഹിതമാല്ലാത്തൊരിക്കാര്യം ഭവിച്ചത്
സ്കൂള്‍മുറ്റത്തെബദാംചുവട്ടില്‍
രമ്യ,ലീല,രജനി,മേരി,സന്ധ്യ എന്നീ
സുന്ദരികളേവരും കാണ്‍കെ
അപ്പുക്കുട്ടനെ
ചക്കപ്പോണ്ണന്‍ സതീശന്‍
കൊഞ്ഞനംകുത്തിക്കാണിച്ചു


സ്കൂളിന്നഭിമാനം,
നാടിന്നുനാളത്തെ വാഗ്ദാനം,
സമര്‍ത്ഥന്‍,സര്‍വ്വോപരി
വിദ്യാര്‍ത്ഥിപ്രതിനിധി
ഇത്യാദികളൊക്കെയായ
അപ്പുക്കുട്ടന്നു
മാനഹനിക്കിതു കാരണമായി.
പള്ളിക്കൂടത്തിന്റെ ഭാരവും
കുടവയറിന്റെ ഭാരവും
ഒരുപോലെതാങ്ങുന്ന
ചാക്കോമാഷ്
വിഷയംകേട്ട് ഗൌരവംപൂണ്ടു
കൂലങ്കഷചിത്തനായി.....
'ടി സി'കൊടുത്തുവിടാന്‍
അനുവാദംതരുന്നില്ല.
വിദ്യാഭ്യാസാവകാശനിയമം
ശാരീരികപീഡനം
മാനസികപീഡനം
തുടങ്ങിയ പീഡനങ്ങള്‍ക്ക്
വകതിരിവില്ലാത്ത വകുപ്പുകളേറെ;
പല്ലിനുപകരം പല്ല്
കണ്ണിനുപകരം കണ്ണ്
നീതിനടപ്പാക്കപ്പെട്ടു
രമ്യ ,ലീല,രജനി,മേരി,സന്ധ്യ എന്നീ
സുന്ദരിമാരുടെ മഹനീയ സാന്നിധ്യത്തില്‍
ചക്കപ്പൊണ്ണന്‍ സതീശനെ
അപ്പുക്കുട്ടന്‍
കൊഞ്ഞനംകുത്തിക്കാണിച്ചു
സംതൃപ്തനായി,
സമരം പിന്‍വലിച്ചു!!!


വീട്ടിലേക്കുള്ള മണിമുഴങ്ങി
ആരവങ്ങളാലഭിമാനപൂരിതനായി
അപ്പുക്കുട്ടന്‍ മടങ്ങുകയായി
കവലയൊന്നുകഴിഞ്ഞു
വളവൊന്നുതിരിഞ്ഞു
എതിരേനില്‍ക്കുന്നു
ചക്കപ്പൊണ്ണന്‍ സതീശന്‍
നിക്കറൂരി ഉടുമുണ്ടുപൊക്കിക്കാട്ടി
തിരിഞ്ഞൊരോട്ടം
കൂക്കുവിളികളുച്ചത്തിലൊടുങ്ങാതെ
ചിരിച്ചാര്‍ത്തു സുന്ദരികള്‍
തലതാഴ്തിയപ്പുക്കുട്ടന്‍!!
ചാക്കോസാറിന്റെ നീതിബോധം
ഇതിലും "ശിക്ഷ"നടപ്പിലാക്കുന്നതു
പഴയതുപോലാകുമോ......
ഉത്കണ്ഠാകുലനായി അപ്പുക്കുട്ടന്‍.

********************************************************
ബന്‍സി ജോയ്                                      1/4/2018

2017 ഏപ്രിൽ 29, ശനിയാഴ്‌ച

മനുഷ്യപുത്രന്‍റെ നിലവിളി


..........................@
അനന്തരം
സാത്താനാല്‍ പരീക്ഷിക്കപ്പെടേണ്ടതിനു
മനുഷ്യപുത്രന്‍ മലമുകളിലേക്കു നടന്നു
സൂര്യന്‍
ഉച്ചസ്ഥായിയിലെത്തിയപ്പോള്‍
പരീക്ഷകന്‍ പ്രത്യക്ഷനായി.
ചുറ്റുമുള്ളതെല്ലാം കാണിച്ചുകൊടുത്തിട്ട്
"ഇതെല്ലം നിനക്കുതരാം
ഒരു നമസ്ക്കാരം മതി"
പരീക്ഷകന്‍ തൊറ്റു
മനുഷ്യപുത്രന്‍ മലയിറങ്ങി
പിന്നാലെയെത്തിയ "കര്‍ത്തൃദാസന്‍"
വഴിവിട്ടവാഗ്ദാനം സ്വീകരിച്ചു.
മലമുകളില്‍ കുറ്റിയടിച്ചു
മലനിലവിളിച്ചു
നെറുകയില്‍ വിഭാഗീയതയുടെ
ചോരപൊടിഞ്ഞു
ദൈവത്തിന്റെ കാര്യവിചാരകന്‍
നീതിബോധത്തിന്റെ
ഉള്‍ക്കരുത്തുമായ് മലകയറി
നെറുകയില്‍നിന്ന്‍
മാരണമൊഴിപ്പിച്ച്
നീതിനടപ്പാക്കി
മലയിറങ്ങിയ നീതിമാനു്
ന്യായശാസ്ത്രിമാരും പരീശന്മാരും
പൌരപ്രമാണിമാരും
കുരിശുചമച്ചു
നീതിബോധംനിറഞ്ഞ
കാര്യവിചാരകനെ
മരത്തോടുചേര്‍ത്തു ബന്ധിച്ച്
ആണിയടിച്ചുതുടങ്ങിയപ്പോള്‍....
മനുഷ്യപുത്രന്റെ നിലവിളി
ഹൃദയവിശുദ്ധിയുള്ളവര്‍ കേട്ടു....
"ഏലീ എലീ ലമ്മ ശബക്താനി"



------ബന്‍സി ജോയ്------- 25 /4 2017

2017 മാർച്ച് 24, വെള്ളിയാഴ്‌ച

ഉയരങ്ങളിലൊരു ചില്ല



....................................@
ചേക്കേറണമെന്നുള്ള സ്വപ്നം
ചില്ലയറുത്തുമാറ്റിയാണു
നിഷേധിക്കുന്നത്
വിധി
കല്ലായും കാറ്റായും
കരവാളായും പിന്തുതരുന്നുണ്ട്
ദമനംചെയ്ത ആഗ്രഹങ്ങളാണ്
വിഹായസില്‍
പക്ഷങ്ങള്‍ക്കു ഭാരം
ചിറകുവിടര്‍ത്തികുതിക്കാന്‍
ഇന്ധനമാകുന്നത്
ഉള്‍ക്കരുത്തുള്ളൊരു ചില്ല
ഉയരങ്ങളിലുണ്ടെന്ന
കിനാക്കാഴ്ചയാണ്




.........////ബന്‍സി ജോയ്///........24/3/2017

വേനല്‍









.....................@
കണ്ണുകള്‍ വരണ്ട്
കാഴ്ചയ്ക്കു തീപിടിക്കുന്ന വേനല്‍
ഇമപൂട്ടാതെകണ്ട കിനാക്കളില്‍
ഇല്ല
നനുത്തകാറ്റിന്‍റെ സ്പര്‍ശം
നീരുറവ മുടിനാരുപോലെ
വറ്റിയ മനസ്സും മണ്ണും
ഇല്ല
സുഗന്ധവാഹിയായൊരു
കല്ലോലിനിയുടെ കളകളാരവം
ഒരു മഴക്കാറിനു കാതോര്‍ത്ത്
മണ്ണറയില്‍ മുളപോട്ടാതെ വിത്തുകള്‍
എണ്ണതീര്‍ന്ന തിരിനാള തുല്യം
പിടയുന്നു ജീവന്‍റെ കാമ്പുകള്‍.
പൊരുള്‍നഷ്ടമായ വാക്കുപോലെ
ചകിതമിപ്രാണന്‍റെ പാശം.



........///ബന്‍സി ജോയ്/////....24/3/2017

തയ്യാറെടുപ്പ്


തയ്യാറെടുപ്പ്
.................................@
ഇറച്ചി വേണ്ട
മീന്‍ വേണ്ട
മുട്ട വേണ്ട
നോമ്പു തുടങ്ങി,
പ്രാര്‍ത്ഥന പള്ളിപ്രാകാരങ്ങളെ
കമ്പിതമാക്കുന്നുണ്ട്
നാട്ടുകാരെയൊക്കെ
നല്ലവരാക്കണേന്ന്
നാലുപേരു കേള്‍ക്കെ
പ്രാര്‍ത്ഥിക്കുന്നുണ്ട്.
പള്ളീക്കേറാത്ത
കുഞ്ഞാടുകള്‍ക്കു വേണ്ടി
പ്രത്യേകം പ്രാര്‍ത്ഥിക്കുന്നുണ്ട്
നീതിമാനെ കുരിശിലേറ്റുന്നതിന്
എനിക്കൊന്നു വിശുദ്ധനാകണം







....................///ബന്‍സി ജോയ്////.....24/3/2017

2016 ഡിസംബർ 25, ഞായറാഴ്‌ച

അകക്കണ്ണടച്ച് പ്രകാശം തിരയുമ്പോള്‍

ദൈവസ്നേഹം
വിശുദ്ധിപെയ്യുന്ന
പ്രകാശമായി
പുല്‍ക്കൂട്ടില്‍
ചുവടുവച്ചു.
അഹന്ത
വെളിച്ചത്തെ
വിചാരണ
ചെയ്തു.
മൌനം
തൊങ്ങല്‍
ചാര്‍ത്തിയ
അനന്തക്ഷമ
മറുപടിയായി.
നീതിമാനെന്ന
വിധിന്യായത്തില്‍
കുരിശുകൊണ്ടു
മരണമുദ്ര.
മൂന്നാംപക്കം
ഉയിര്‍പ്പിന്റന്നും
ഇന്നും
സത്യത്തിനു
പുറംതിരിഞ്ഞ്
പ്രകാശം
തിരയുന്നു
കപടസത്യാന്വേഷി.

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

ബന്‍സി ജോയ് ൨൬-൧൨-൨൦൧൬

2016 സെപ്റ്റംബർ 5, തിങ്കളാഴ്‌ച

ചിങ്ങമാസത്തിലെ വിരുന്നുകാരന്‍


__________________________@
ആകാശത്തിനു തുല്യം
വലിയമനസുള്ള
മഹാബലിചക്രവര്‍ത്തി
സമാധാനത്തോടെ
ഭൂമിയെ പാലനംചെയ്തുപോന്നു.
അഹന്തവളര്‍ന്നതുകൊണ്ട്
മനസ്സിനുവലിപ്പംകുറഞ്ഞ
വാമനന്‍
കൌശലം കൈമുതലാക്കി
ചക്രവര്‍ത്തിയില്‍നിന്നു
സകലതും കാല്‍ച്ചുവട്ടിലാക്കി.
സര്‍വവും ദാനംചെയ്ത
സത്യസന്ധനെ
സ്വര്‍ഗത്തിലേക്കയക്കാതെ
പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തി
"വമനത്വം" അവന്‍ തെളിയിച്ചു.

ആര്‍ത്തിപെരുത്തതു കൊണ്ട്
മനസ്സുഖം നഷ്ടപ്പെട്ട
വാമനന്‍മാര്‍
ഓരോചുവടും മത്സരിച്ചളന്ന്
സ്വന്തമാക്കാന്‍ ശ്രമിക്കുന്ന
കേരളത്തിലേക്ക്
ധാര്‍മ്മികതയുടെ ചക്രവര്‍ത്തി
സൂര്യതേജസ്സോടെ വീണ്ടും വരികയാണ്,
സത്യത്തിന്‍റെ ഈടുവയ്പുകള്‍
ബാക്കിയുണ്ടോ എന്നറിയാന്‍

.................ബന്‍സി ജോയ് ..........5/9/2016

2016 ഓഗസ്റ്റ് 9, ചൊവ്വാഴ്ച

"വൈറ്റ്" ----------- ഹോ! എന്തൊരു സിനിമ


__________________________@
തണുപ്പിന്‍റെ പശ്ചാത്തലം
ലണ്ടന്‍നഗരത്തിന്‍റെ കാഴ്ച
മേമ്പൊടിയായി സായിപന്മാരും
മദാമ്മമാരും,
ഭാര്യ മരിച്ചുപോയനായകന്‍
ഏതോ കുഞ്ഞമ്മേടെ മോളെ
വളഞ്ഞുവച്ചു പ്രേമിപ്പിക്കുന്നു.
മുളകു തിന്നാല്‍ എരിക്കും,
പഞ്ചസാര വിഷമാണ്,
തുടങ്ങിയ ഗുണപാഠങ്ങള്‍
നായകന്‍ നായികയെ പഠിപ്പിക്കുന്നു.
നായികാനായകന്മാര്‍ ആലിംഗനബദ്ധരാകുമ്പോള്‍
ക്രിസ്തുമസ് നക്ഷത്രങ്ങള്‍ -
വെളുത്തനിറത്തിലും
പ്രക്ഷകന്‍റെ മുഖം മഞ്ഞനിറത്തിലും
പ്രകാശിക്കുന്നു.
പൊതുജനതാല്പര്യപ്രകാരം
ഈ സിനിമയ്ക്കു രണ്ടു അറിയിപ്പുകള്‍
ചേര്‍ക്കേണ്ടതാണ്.
ഒന്ന്,
ഇംഗ്ലീഷ് അറിയാത്ത മലയാളികള്‍
ഈ മലയാളം സിനിമ കാണരുത്.
രണ്ട്,
സിനിമ നന്നായി
ആസ്വദിക്കാന്‍ കഴിയുന്നില്ലെങ്കില്‍
ബൌദ്ധികനിലവാരം കുറഞ്ഞ
ഒരു വങ്കനാണ് നിങ്ങളെന്നു
സ്വയംബോധ്യപ്പെടുത്തി ഇറങ്ങിപ്പോവുക.
 

ഭരതവാക്യം:-
സിനിമകണ്ട ഒരു സായ്പ്‌
ലണ്ടനില്‍നിന്നു വിളിച്ചു
പത്തുപൌണ്ടുകൊണ്ട്
എന്തൊക്കെ തെണ്ടിത്തരങ്ങള്‍
ലണ്ടനില്‍ കാണിക്കാമെന്നു
മനസ്സിലാക്കിത്തന്നതിനു
പ്രത്യേകം"താങ്ക്സും" പറഞ്ഞു.





ബന്‍സി ജോയ്______________________4/8/2016

കബാലി ------ ഒരു ഫയങ്കര സിനിമ!!!!


-----------------------------------------------@
സിനിമാക്കൊട്ടകയില്‍
ആരവങ്ങളുടെ ആഘോഷം
വള്ളിത്തിരയില്‍
നിയന്ത്രണമില്ലാത്ത വെടിവയ്പ്
നിണമണിഞ്ഞ നിലവിളി
തോക്കില്‍നിന്നു വരുന്ന ഉണ്ടയ്ക്ക്
കടന്നുപോകാന്‍ വഴികൊടുക്കുന്ന നായകന്‍
പലതവണവെടികൊണ്ടിട്ടും ചാകാത്ത
നായകനും ബന്ധുക്കളും
കസേരയിലിരുന്ന്‍ വെടിവച്ച്
വെടിക്കെട്ടു ഡയലോഗ് പേശി
വില്ലന്‍റെ കഥകഴിക്കുന്ന നായകന്‍.
അവസാന വെടിശബ്ദത്തിനു ശേഷം
തിരശീലയിലിരുട്ടു പടര്‍ന്നു.
സിനിമ തീര്‍ന്നു.
അനുശോചനച്ചടങ്ങിനെന്നപോലെ
കാണികളെഴുന്നേറ്റു നിശബ്ദം!
ആസ്വാദകനാത്മരോഷം
സുഹൃത്തുക്കളോടായ് പങ്കിട്ടതിങ്ങനെ-


"ഒരു ഫുള്ളെടുത്തടിക്കുന്നതായിരുന്നു
ഇതിലും നല്ലത്"






ബന്‍സി ജോയ്_______________ 9/8/2016

2016 ജൂലൈ 22, വെള്ളിയാഴ്‌ച

കുറ്റാന്വേഷണം


_________________________________@
നന്നായി വിലപേശിയാണ്‌
ഒരുകിലോ പച്ചമത്തി
ചന്തയില്‍ നിന്നും വാങ്ങിയത്
നൂറ്റിയന്‍പതുരൂപയാണു കൊടുത്തത്
വെട്ടാനിരുന്നപ്പോഴാണ്
കാക്കകള്‍ പ്രക്ഷോഭം തുടങ്ങിയത്
പൂച്ചയെകാവലേല്‍പിച്ചു.
അനവസരത്തിലുണ്ടായ മൂത്രശങ്ക തീര്‍ത്ത്
തിരിച്ചു വന്നപ്പോഴേക്കും
പൂച്ചയുമില്ല! മത്തിയുമില്ല! കാക്കയുമില്ല!


അന്വേഷണത്തിന്‍റെ ചുമതല
പാണ്ടന്‍ നായയെ ഏല്‍പിച്ചു
അവന്‍റെ പല്ലുകളുടെ ശൌര്യം
പണ്ടേ എഴുതപ്പെട്ടതാണല്ലോ
അന്വേഷണം തുടങ്ങി...
ചട്ടിയുടെ പരിസരത്തുനിന്നും
മൂത്രപ്പുരവരെയുള്ള അകലം,
ശങ്കതീര്‍ത്ത ശേഷം തിരികെ-
വരാനെടുത്ത സമയക്കണക്ക്,
സാഹചര്യത്തെളിവുകളായി
മത്തിയുടെ ജനിതകമാപ്പ്,
കാക്കയുടെയും പൂച്ചയുടെയും
വിരലടയാളപ്പകര്‍പ്പുകള്‍,
രേഖാചിത്രങ്ങള്‍.....,
നക്കിയും മണപ്പിച്ചും മാന്തിയും
അന്വേഷണം പുരോഗമിച്ചപ്പോഴാണ്
കറിക്കത്തി കാണാനില്ലെന്നറിഞ്ഞത്

"അന്വേഷണം പ്രത്യേക വഴിത്തിരിവിലെന്ന്‍"
കൂലങ്കഷമായിചിലച്ചു പറക്കുന്നൂ
മരക്കൊമ്പിലിരുന്നൊരു മാധ്യമപ്രവര്‍ത്തക.
രാത്രി പ്രത്യേക വാര്‍ത്താപരിപാടിയില്‍
മരപ്പട്ടി കുറുക്കന്‍ കുളക്കോഴി തുടങ്ങിയ
നേതാക്കളുമായി നടന്ന വഴിവിട്ട ചര്‍ച്ചയില്‍
കാണാതായ മത്തി.....
വകയിലൊരമ്മാവനാണെന്നു
കുളക്കോഴി സഗദ്ഗദം വെളിപ്പെടുത്തുകയുണ്ടായി.


ബന്‍സി ജോയ്----------------------------------22/7/2016

2016 മേയ് 26, വ്യാഴാഴ്‌ച

മാധ്യമവിചാരണ


________________________@
മത്സരം
ആമയ്ക്കനുകൂലമായിരുന്നു
ഉറക്കം
മുയലിനെപിന്നിലാക്കി.
മത്സരം
അവസാനിച്ചില്ലെന്നു രണ്ടുപേരും
തിരിച്ചറിഞ്ഞതു പിന്നീടാണ്
യുദ്ധം തുടങ്ങുകയായിരുന്നു..!
മുഖത്തിനുനേരെ ഉന്നംതെറ്റാതെ
ക്യാമറചൂണ്ടി അവര്‍ നിറയൊഴിച്ചുതുടങ്ങി

"ഈ മത്സരം വനനിയമങ്ങളുടെ
നഗ്നമായലംഘനമായിരുന്നില്ലേ?"
"ജീവികള്‍ക്കിടയില്‍ അസ്വസ്ഥത-
പടര്‍ത്തുന്നത്തിനുംഅനാരോഗ്യകരമായ-
കിടമത്സരം ഉളവാക്കുന്നതിനും
മാത്രമല്ലേ ഇത് ഉപകരിക്കപ്പെടൂ"?
"ശരിയായ ആരോഗ്യസ്ഥിതി
ഇല്ലാതിരുന്ന സമയത്ത്
മത്സരിച്ചതുകൊണ്ടല്ലേ
മോശപ്പെട്ടൊരു പരാജയം ഉണ്ടായത്‌?"
"നിങ്ങളുടെ ഈ പരാജയത്തില്‍
ആമയെ സംശയിക്കുന്നുണ്ടോ?"
"നിങ്ങളെ മയക്കിക്കിടത്തുവാന്‍
ഭക്ഷണത്തില്‍ ഏതെങ്കിലും ഗൂഢശക്തികള്‍
മയക്കുമരുന്ന്കലര്‍ത്തിയതായി കരുതുന്നുണ്ടോ?"
"നിങ്ങള്‍ ഈ വിജയംഅര്‍ഹിക്കുന്നുണ്ടോ?"
"അര്‍ഹതയില്ലാത്ത ഈ വിജയത്തില്‍
നിങ്ങള്‍ക്കെങ്ങനെ ആഹ്ലാദിക്കാന്‍ തോന്നുന്നു?"
"ഇങ്ങനെയൊരു വിജയത്തിനു്
ആമയൊരുക്കിയ സമര്‍ത്ഥമായ കെണി
എന്തുതന്നെയായാലും അഭിനന്ദിക്കാതെ വയ്യ!"
"സുഹൃത്തിനെ മത്സരത്തിനു ക്ഷണിച്ചത്
അവന് അപമാനം നിറഞ്ഞൊരു
പരാജയം സമ്മാനിച്ച്
സ്വയം കേമനെന്നു ഭാവിക്കാനോ?"

അഭിപ്രായങ്ങള്‍, ധാരണകള്‍
സാക്ഷിമൊഴികള്‍,സര്‍വേകള്‍
വിലയിരുത്തലുകള്‍,വെല്ലുവിളികള്‍...
ഇവയ്ക്കിടയില്‍ ഉറക്കക്ഷീണം
ബാക്കിനില്‍ക്കുന്ന മുയലിന്റെ മുഖം
അനുകമ്പാര്‍ഹനായ പരാജിതന്റെ
രൂപത്തില്‍ഇടയ്ക്കിടെ ചാനലില്‍
മിന്നിച്ചുകൊണ്ടിരുന്നു.
നേര്‍ക്കു നേരേ പക
കണ്ണുകളിലും മനസുകളിലും
എരിഞ്ഞുതുടങ്ങി
ഒരുയുദ്ധം അനിവാര്യമാണെന്ന്
ഏവര്‍ക്കും ബോധ്യപ്പെട്ടു തുടങ്ങി
വനം വന്യമായി.

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
 ബന്‍സി ജോയ്-------------------------------23/5/2016

2016 ഏപ്രിൽ 24, ഞായറാഴ്‌ച

കമ്പപ്പുരയ്ക്കു തീ കൊളുത്തുമ്പോള്‍

ഉടലിനേക്കാള്‍ പ്രിയതരം
ഉടയാടയെന്നോ...?
കണ്ണാടിയില്‍ നോക്കി
കമനീയചിത്രം ചമയ്ക്കുന്നു നിത്യം
ഉടുത്തിട്ടുമുടുത്തിട്ടും
മതിയാകുന്നില്ലൊരുനാളും
ബാക്കിയാണിപ്പോഴും ഉടലും ദാഹവും


രസനയിലേറെ
രുചിക്കൂട്ടുകള്‍ നിറച്ചിട്ടും
ക്രമംകെട്ട തൃഷ്ണയ്ക്കൊടുക്കമില്ല
ആര്‍ത്തിപെരുത്തകണ്ണുകള്‍ക്ക്
അങ്ങാടിയാണെവിടവും
രാപകലറിയാതെ ഇമയിളകാതുഴറി
ദാഹംപെരുത്ത് പെരുതാകുന്നു.

നിലതെറ്റിയൊരമിട്ടുപോലാഗ്രഹം
ദിശതെറ്റി കമ്പപ്പുരയ്ക്കു തീ കൊടുക്കെ
അമിതാഹ്ലാദമെരിതീക്കടലായ്
കരിഞ്ഞമാംസത്തുണ്ടുകളായ് പെയ്തിറങ്ങി

ഇരകള്‍ക്കുനേരേ ദന്തഗോപുരത്തില്‍നിന്നു
സഹതപിക്കാനുമനുശോചിക്കാനും
പരകായപ്രവേശം ചെയ്തു
ഞാനുമൊരു മാന്യനാം പൌരനായ്
കനല്‍കെടുംമുമ്പ് കതിനയ്ക്കു തീകൊടുക്കാന്‍
ഞാനെന്‍റെ കുതിരകളെ പൂരത്തിനിറക്കി.

ബന്‍സി ജോയ്   ......................................    24-4-20016

2016 മാർച്ച് 10, വ്യാഴാഴ്‌ച

ശൂന്യത




പാപികളോടാണ്
സംസാരിക്കുന്നതെന്നു
മുമ്പിലിരുന്നവരെ
ബോധ്യപ്പെടുത്തിക്കൊണ്ട്
അയാള്‍ തുടങ്ങി
മാനസാന്തരപ്പെട്ടാല്‍
സ്വര്‍ഗത്തിലേക്കു പോകാം
അല്ലെങ്കില്‍
ചാകാത്തപുഴുവും
കെടാത്തതീയുമുള്ള
നരകമാണുവിധി.
പിന്നീടു വാക്കുകളും
വര്‍ണ്ണനകളും
യേശുവിനെ കൂട്ടുപിടിച്ചായി
അവന്‍റെ നീതി
ന്യായവിധി
എല്ലാം സഗൌരവം
ചങ്കിനുനേരെ
തൊടുത്തുവിട്ടു
ക്ഷീണം മാറ്റാന്‍
ഒരിറക്കു വെള്ളംകുടിച്ച
ഇടവേളയിലാണ്
ചോദ്യം വന്നത്
‘ചേട്ടാ യേശുവിനു
താങ്കളെ അറിയാമോ...?’
അനന്തരം
സ്വര്‍ഗീയമായശൂന്യത
അവിടെ സംഭവിച്ചു.


ബന്‍സി ജോയ്                     10-3-2016



2016 ഫെബ്രുവരി 19, വെള്ളിയാഴ്‌ച

ചുവരെഴുത്ത്


--------------------------------------@
ബോണ്ടയും കൊഴക്കട്ടയും സുഖിയനും
ഒരുചില്ലുകൂട്ടിലെന്നാലും
പരസ്പരംവൈരികള്‍
കറുത്തവന്‍ വെളുത്തവന്‍
മഞ്ഞത്തൊലിയന്‍
എന്നൊക്കെയാണാക്ഷേപം
കാണാതെപോകുന്നുമൂവരും
കടക്കാരന്റെ ചുവരെഴുത്ത്
'ഒരുകടി എട്ടുരൂപ മാത്രം'






////////////////ബന്‍സി ജോയ് 20/2/216

2015 ഡിസംബർ 1, ചൊവ്വാഴ്ച

സിംഹാസനത്തിലേക്ക് ഉരുളുന്നരഥക്കാഴ്ചകള്‍..



എന്‍റെ ആകാശത്തിനു മീതേ
ജാതിഭ്രാന്തെന്നമാലിന്യം
കോരിച്ചൊരിഞ്ഞാണവര്‍
സിംഹാസനം തീര്‍ക്കുന്നത്
ഉരുളുന്നരഥചക്രങ്ങള്‍ക്കു
താഴെ ഞെരിഞ്ഞൊടുങ്ങുന്നു നിസ്വര്‍
ജീവിതപ്പെരുവഴിയില്‍നിന്ന്
കിനാവുകാണാനുള്ളവകാശവും
അവരപഹരിച്ചെടുക്കുന്നു.
അയല്‍ക്കാരന്റെ കാലോടിഞ്ഞി-
ട്ടെനിക്കൊന്നു നടക്കണമെന്നൊരു
നവദര്‍ശനം പൊതുവേദിയി-
ലുളുപ്പില്ലാതെ വിളമ്പി മാന്യരാകുന്നു.
നിര്‍ദ്ദയം വിഷവീര്യമേറെത്തളിച്ച്
വിതച്ചുകൊയ്താഹരിക്കുന്നു-
കഠിനതപുല്‍കിയ വിഭാഗീയത.
മനസ്വസ്ഥതയുടെ മേലാപ്പുകീറുന്നവര്‍
അപരന്‍റെമുറിവിന്നു മീതേ
ആത്മസുഖം നേടിതൃപ്തരാകുന്നു
കൂര്‍ത്തപല്ലുകള്‍ക്കുതുല്യമാം കപടവാക്കുകള്‍
നന്മയുടെനേര്‍പഥത്തിലാഴ്ന്നിറങ്ങി
ബുദ്ധന്‍റെനിണം രുചിക്കുന്നു.
നിലാവ് നഷ്ടപ്പെട്ടു
ഇരുട്ടിന്‍റെകരങ്ങള്‍
നഖമുനയാഴ്ത്തുന്നു.
ഇല്ലിവിടെയവശേഷിച്ചിട്ടില്ല
സ്വാമി വിവേകാനന്ദന്‍,
ശ്രീ നാരായണഗുരു,
മഹാത്മാഗാന്ധിയിവരുടെ
പാദരശ്മികള്‍ പോലും..!
മറവി അതിന്‍റെ കാലത്തിലേക്ക്
എത്രവേഗമാണ് പ്രവേശിച്ചതെന്നു്
അടയാളപ്പെടുത്തുന്നു നിരന്തരം
ചരിത്രപഥത്തിലെ തമോഗര്‍ത്തങ്ങള്‍


ബന്‍സി ജോയ്----------------- 2/ 12 /15

2015 നവംബർ 21, ശനിയാഴ്‌ച

നവംബറിന്റ നഷ്ടം ചുംബനം മാത്രമോ....?


---------------------------------------------------@

പ്രിയപ്പെട്ട അനാമിക,
തൂമഞ്ഞിനിടയില്‍നിന്ന്‍
നനുത്തപ്രകാശമായ് നിന്‍റെ മന്ദഹാസം
എന്നെ തൊടുന്നത് ഞാനറിയുന്നു.
മരങ്ങള്‍ ഉണര്‍ന്നുതുടങ്ങുന്നതേയുള്ളൂ
രാവില്‍സ്വപ്നംകണ്ടുമയങ്ങിയ
പക്ഷിഗണങ്ങള്‍ പരസ്പരം
ചുംബിച്ചു പുതിയപുലരിയി-
ലേക്കുണര്‍ന്നു വാചാലമാകുന്നു.
സ്നേഹത്തിന്‍റെ സുഗന്ധവാഹിയായ
തൂവലുകള്‍ നീയവശേഷിപ്പിച്ചരാത്രിയില്‍
ഞാന്‍ യൂദായെ സ്വപ്നംകണ്ടു!
"അവന്‍ ജനിക്കാതിരുന്നെങ്കില്‍"
എന്നവനെക്കുറിച്ചു വേദനിച്ച
ഗുരുവിന്‍റെ നേത്രങ്ങള്‍
സജലങ്ങളാകുന്നതു ഞാനറിഞ്ഞു
കുറച്ചു വെള്ളിനാണയങ്ങള്‍...
ഒരു ചുംബനം മാത്രമാണ്
അവനു ചെലവുവന്നതു്
അതോടെ അവനിലവശേഷിച്ച
നന്മയും ചോര്‍ന്നുപോയി.
നന്മപ്രസരിക്കാത്ത വഴികളിലൂടെയാണ്‌
ഈ കെട്ടകാലത്തിലെ യാത്രകള്‍
കരങ്ങള്‍കോര്‍ത്തുനാം ഇനി
സൂക്ഷിച്ചുചുവടുകള്‍ വയ്ക്കുക.
ചുംബനങ്ങളുടെ വഴിയില്‍
ചതി പതിയിരുപ്പുണ്ടെന്നു
അനുഭവിച്ചറിഞ്ഞവരുണ്ട്‌.
ഉടലിന്റെഉഷ്ണസഞ്ചാരങ്ങളെ
പണംകൊണ്ട് ശമിപ്പിക്കുന്നവരില്‍ നിന്ന്‍
നാം നമ്മുടെ വിശുദ്ധചുംബനങ്ങളെ
സൂക്ഷിച്ചു വയ്ക്കേണ്ടതായിട്ടുണ്ട്.
ഓരോ ചുംബനവും അതിനര്‍ഹത
യുള്ളവര്‍ക്കുമാത്രം അവകാശപ്പെട്ടതാണു്.
നിന്‍റെ പേലവാധരങ്ങളില്‍ നിറഞ്ഞ-
മധുരം നുകരുന്നതിന് നിന്‍റെ മിഴികളിലൂടെ
ഞാനെന്നെ കാണുന്നു.
നിന്‍റെ ചുംബനങ്ങള്‍ക്കു പാത്രമാകാന്‍
ഞാനെന്നെ നിര്‍മ്മലനാക്കുന്നിടത്തു നിന്ന്‍
എന്‍റെ പ്രണയത്തിന്റെ യാത്ര തുടങ്ങുന്നു.


//////////ബന്‍സിജോയ്                 22.11.15

2015 നവംബർ 7, ശനിയാഴ്‌ച

ക്യാമറ വച്ച വിദ്യാഭ്യാസം

(മുന്തിയ ഫീസുവാങ്ങുന്ന ഒരു സ്കൂളില്‍, അധികാരികള്‍ അദ്ധ്യാപികമാരെ പുറംകുപ്പായം അണിയിച്ചു.പൊക്കിളാണു കാരണം.ക്ലാസ്സുമുറിയില്‍ ക്യാമറയും വച്ചു.ഇനി ഡിസിപ്ലിന്‍ വരും!!!)


------------------------------------@
പരാങ്മുഖനായ പഠിതാവാണ് ഞാനിന്ന്‍
എന്‍റേകാഗ്രതയ്ക്കു ഭംഗം വന്നിരിക്കുന്നു.
എന്നുരിയാട്ടങ്ങള്‍ക്കുമീതേ ഉടലിന്നു മീതേ
ഉടുപ്പിന്നുമീതേ ഉച്ചഭക്ഷണത്തിന്നുമീതേ
ഇമവെട്ടത്തൊരുകണ്ണ് തുറന്നുവച്ചിരിക്കുന്നു.
എന്റെ ചലനങ്ങള്‍ ആലേഖനം ചെയ്ത്
ആരോകാഴ്ചയ്ക്കു വിഷയമാക്കുന്നു
അവരുടെ ഹിതത്തിനനുസരിച്ച്
എന്റെ ചലനങ്ങള്‍രൂപപ്പെടുത്താന്‍
ഞാനിനി പഠിക്കേണ്ടിയിരിക്കുന്നു.

ഉള്ളില്‍ കുടുങ്ങിപ്പോയ വാക്കുകളുടെ ഭാരത്താല്‍
മുറിവേല്‍ക്കപ്പെട്ട ഒരദ്ധ്യാപിക ക്ലാസ്സില്‍
കൈകാലുകള്‍ക്കും മൌനത്തിന്റെ കടിഞ്ഞാണ്‍
സാരിക്കുമേലൊരു പുറംകുപ്പായമണിഞ്ഞെത്തിയത്
"പൊക്കിളുണ്ടാക്കിയ പ്രകോപന"മെന്ന്‍ നെടുനിശ്വാസം.
കറുത്തചുവരില്‍ വെളുത്തചോക്കുകൊണ്ട്
വരയപ്പെടുന്ന അക്ഷരങ്ങള്‍ ഇന്ന്‍ ആരിലേക്കും
അര്‍ത്ഥബോധം നിറച്ചെത്തുന്നില്ല.
തലയ്ക്ക്മുകളില്‍ ഡമോക്ലിസിന്റെ വാളുപോലെ
ഒരു മൂന്നാംകണ്ണ് തിരിയുന്നു.

ഇന്നു ക്ലാസ്സുമുറിയൊരു തടവറയാണ്
അര്‍ത്ഥശൂന്യമായവാക്കുകള്‍ ചിതറിത്തെറിക്കുന്നു.
ഹനിക്കപ്പെടുന്ന എന്‍റെ സ്വാതന്ത്ര്യം
മനസ്സിലൊരു വന്യതവളര്‍ത്തുന്നു.
ആര്‍ക്കോവേണ്ടി ഇന്‍കുബേറ്ററില്‍
വിരിയിച്ചെടുക്കുന്ന ചരക്കുകള്‍ മാത്രമാണി-
ച്ചുവരുകള്‍ക്കുള്ളില്‍ രൂപപ്പെടുന്നത്.
വായ്ത്തലയ്ക്കു കീഴെ നിശബ്ദമായ്
ശിരസ്സു നീട്ടികൊടുക്കാന്‍ വിധിക്കപ്പെട്ടവര്‍

ബന്‍സി ജോയ് 8-11-15

2015 നവംബർ 4, ബുധനാഴ്‌ച

പശു ഒരു ഭീകരജീവിയാണ്


തൊഴുത്തില്‍നിന്നപശു
ഭയമായി തെരുവിലിറങ്ങിനടക്കുന്നു.
കയറിന്‍റെമറ്റേയറ്റംകയ്യാളുന്നവര്‍
കാഴ്ചയ്ക്കുമറഞ്ഞുനില്‍ക്കുന്നു.
അധികാരത്തിന്‍റെ മേച്ചില്‍പ്പുറങ്ങ-
ളന്വേഷിച്ചതിലഭിരമിക്കുന്നവര്‍
പശുവിന്‍റെയടിസ്ഥാനത്തില്‍
മനുഷ്യനെ മൂന്നായിതിരിച്ചു
ബീഫുതിന്നുന്നവര്‍
ബീഫുതിന്നാത്തവര്‍
ബീഫുവിറ്റ് കാശാക്കുന്നവര്‍
ഇവര്‍പരസ്പരം ഇരകളും
വേട്ടക്കാരുമാകുമ്പോള്‍
കൂര്‍ത്തകൊമ്പുകള്‍ക്കിടയില്‍
ജീവിതം വിറങ്ങലിച്ചുനില്‍ക്കുന്നു
മനുഷ്യന്‍റെവില ചാണകത്തിലും
താഴെയെന്ന് സെന്‍സെക്സ് സൂചിക.

////ബന്‍സി ജോയ്‌                        ൫-൧൧-൧൫

2015 സെപ്റ്റംബർ 10, വ്യാഴാഴ്‌ച

ഓണത്തല്ല്‌


------------------------------@
ജാതി, മതം,
ദൈവം,ഗുരു,
രാഷ്ട്രീയം,പ്ലോട്ട്,
ജയന്തി.............
ഇത്യാദികളെക്കുറിച്ച്
അണ്ടന്‍,അഴകോടന്‍,
ചെമ്മാന്‍,തുടങ്ങി
നാട്ടിലെ സകലമാന
കാര്‍ക്കോടകന്മാരും
വിഷംചീറ്റി പരസ്പരം
ഹിംസിച്ച് ചര്‍ച്ചിച്ചു.
ഇതൊരു ദൃശ്യമാധ്യമ
വാര്‍ത്താധിഷ്ഠിതപരിപാടിയെന്ന്‍
ഭരതവാക്യംചൊല്ലുന്നു
ഷാളിടാത്ത അവതാരക.

പിന്‍ബഞ്ച്

--------------------------- ശ്രുതിമോളുടെമമ്മി ഒന്നാംക്ലാസിനുമുന്നില്‍, ചുവപ്പിച്ചചുണ്ടില്‍ പുഞ്ചിരിപുരട്ടി മിഴിക്കോണുകൊണ്ടു വിളിച്ചു. ...