2016, ഡിസംബർ 25, ഞായറാഴ്‌ച

അകക്കണ്ണടച്ച് പ്രകാശം തിരയുമ്പോള്‍

ദൈവസ്നേഹം
വിശുദ്ധിപെയ്യുന്ന
പ്രകാശമായി
പുല്‍ക്കൂട്ടില്‍
ചുവടുവച്ചു.
അഹന്ത
വെളിച്ചത്തെ
വിചാരണ
ചെയ്തു.
മൌനം
തൊങ്ങല്‍
ചാര്‍ത്തിയ
അനന്തക്ഷമ
മറുപടിയായി.
നീതിമാനെന്ന
വിധിന്യായത്തില്‍
കുരിശുകൊണ്ടു
മരണമുദ്ര.
മൂന്നാംപക്കം
ഉയിര്‍പ്പിന്റന്നും
ഇന്നും
സത്യത്തിനു
പുറംതിരിഞ്ഞ്
പ്രകാശം
തിരയുന്നു
കപടസത്യാന്വേഷി.

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

ബന്‍സി ജോയ് ൨൬-൧൨-൨൦൧൬

2016, സെപ്റ്റംബർ 5, തിങ്കളാഴ്‌ച

ചിങ്ങമാസത്തിലെ വിരുന്നുകാരന്‍


__________________________@
ആകാശത്തിനു തുല്യം
വലിയമനസുള്ള
മഹാബലിചക്രവര്‍ത്തി
സമാധാനത്തോടെ
ഭൂമിയെ പാലനംചെയ്തുപോന്നു.
അഹന്തവളര്‍ന്നതുകൊണ്ട്
മനസ്സിനുവലിപ്പംകുറഞ്ഞ
വാമനന്‍
കൌശലം കൈമുതലാക്കി
ചക്രവര്‍ത്തിയില്‍നിന്നു
സകലതും കാല്‍ച്ചുവട്ടിലാക്കി.
സര്‍വവും ദാനംചെയ്ത
സത്യസന്ധനെ
സ്വര്‍ഗത്തിലേക്കയക്കാതെ
പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തി
"വമനത്വം" അവന്‍ തെളിയിച്ചു.

ആര്‍ത്തിപെരുത്തതു കൊണ്ട്
മനസ്സുഖം നഷ്ടപ്പെട്ട
വാമനന്‍മാര്‍
ഓരോചുവടും മത്സരിച്ചളന്ന്
സ്വന്തമാക്കാന്‍ ശ്രമിക്കുന്ന
കേരളത്തിലേക്ക്
ധാര്‍മ്മികതയുടെ ചക്രവര്‍ത്തി
സൂര്യതേജസ്സോടെ വീണ്ടും വരികയാണ്,
സത്യത്തിന്‍റെ ഈടുവയ്പുകള്‍
ബാക്കിയുണ്ടോ എന്നറിയാന്‍

.................ബന്‍സി ജോയ് ..........5/9/2016

2016, ഓഗസ്റ്റ് 9, ചൊവ്വാഴ്ച

"വൈറ്റ്" ----------- ഹോ! എന്തൊരു സിനിമ


__________________________@
തണുപ്പിന്‍റെ പശ്ചാത്തലം
ലണ്ടന്‍നഗരത്തിന്‍റെ കാഴ്ച
മേമ്പൊടിയായി സായിപന്മാരും
മദാമ്മമാരും,
ഭാര്യ മരിച്ചുപോയനായകന്‍
ഏതോ കുഞ്ഞമ്മേടെ മോളെ
വളഞ്ഞുവച്ചു പ്രേമിപ്പിക്കുന്നു.
മുളകു തിന്നാല്‍ എരിക്കും,
പഞ്ചസാര വിഷമാണ്,
തുടങ്ങിയ ഗുണപാഠങ്ങള്‍
നായകന്‍ നായികയെ പഠിപ്പിക്കുന്നു.
നായികാനായകന്മാര്‍ ആലിംഗനബദ്ധരാകുമ്പോള്‍
ക്രിസ്തുമസ് നക്ഷത്രങ്ങള്‍ -
വെളുത്തനിറത്തിലും
പ്രക്ഷകന്‍റെ മുഖം മഞ്ഞനിറത്തിലും
പ്രകാശിക്കുന്നു.
പൊതുജനതാല്പര്യപ്രകാരം
ഈ സിനിമയ്ക്കു രണ്ടു അറിയിപ്പുകള്‍
ചേര്‍ക്കേണ്ടതാണ്.
ഒന്ന്,
ഇംഗ്ലീഷ് അറിയാത്ത മലയാളികള്‍
ഈ മലയാളം സിനിമ കാണരുത്.
രണ്ട്,
സിനിമ നന്നായി
ആസ്വദിക്കാന്‍ കഴിയുന്നില്ലെങ്കില്‍
ബൌദ്ധികനിലവാരം കുറഞ്ഞ
ഒരു വങ്കനാണ് നിങ്ങളെന്നു
സ്വയംബോധ്യപ്പെടുത്തി ഇറങ്ങിപ്പോവുക.
 

ഭരതവാക്യം:-
സിനിമകണ്ട ഒരു സായ്പ്‌
ലണ്ടനില്‍നിന്നു വിളിച്ചു
പത്തുപൌണ്ടുകൊണ്ട്
എന്തൊക്കെ തെണ്ടിത്തരങ്ങള്‍
ലണ്ടനില്‍ കാണിക്കാമെന്നു
മനസ്സിലാക്കിത്തന്നതിനു
പ്രത്യേകം"താങ്ക്സും" പറഞ്ഞു.

ബന്‍സി ജോയ്______________________4/8/2016

കബാലി ------ ഒരു ഫയങ്കര സിനിമ!!!!


-----------------------------------------------@
സിനിമാക്കൊട്ടകയില്‍
ആരവങ്ങളുടെ ആഘോഷം
വള്ളിത്തിരയില്‍
നിയന്ത്രണമില്ലാത്ത വെടിവയ്പ്
നിണമണിഞ്ഞ നിലവിളി
തോക്കില്‍നിന്നു വരുന്ന ഉണ്ടയ്ക്ക്
കടന്നുപോകാന്‍ വഴികൊടുക്കുന്ന നായകന്‍
പലതവണവെടികൊണ്ടിട്ടും ചാകാത്ത
നായകനും ബന്ധുക്കളും
കസേരയിലിരുന്ന്‍ വെടിവച്ച്
വെടിക്കെട്ടു ഡയലോഗ് പേശി
വില്ലന്‍റെ കഥകഴിക്കുന്ന നായകന്‍.
അവസാന വെടിശബ്ദത്തിനു ശേഷം
തിരശീലയിലിരുട്ടു പടര്‍ന്നു.
സിനിമ തീര്‍ന്നു.
അനുശോചനച്ചടങ്ങിനെന്നപോലെ
കാണികളെഴുന്നേറ്റു നിശബ്ദം!
ആസ്വാദകനാത്മരോഷം
സുഹൃത്തുക്കളോടായ് പങ്കിട്ടതിങ്ങനെ-


"ഒരു ഫുള്ളെടുത്തടിക്കുന്നതായിരുന്നു
ഇതിലും നല്ലത്"


ബന്‍സി ജോയ്_______________ 9/8/2016

2016, ജൂലൈ 22, വെള്ളിയാഴ്‌ച

കുറ്റാന്വേഷണം


_________________________________@
നന്നായി വിലപേശിയാണ്‌
ഒരുകിലോ പച്ചമത്തി
ചന്തയില്‍ നിന്നും വാങ്ങിയത്
നൂറ്റിയന്‍പതുരൂപയാണു കൊടുത്തത്
വെട്ടാനിരുന്നപ്പോഴാണ്
കാക്കകള്‍ പ്രക്ഷോഭം തുടങ്ങിയത്
പൂച്ചയെകാവലേല്‍പിച്ചു.
അനവസരത്തിലുണ്ടായ മൂത്രശങ്ക തീര്‍ത്ത്
തിരിച്ചു വന്നപ്പോഴേക്കും
പൂച്ചയുമില്ല! മത്തിയുമില്ല! കാക്കയുമില്ല!


അന്വേഷണത്തിന്‍റെ ചുമതല
പാണ്ടന്‍ നായയെ ഏല്‍പിച്ചു
അവന്‍റെ പല്ലുകളുടെ ശൌര്യം
പണ്ടേ എഴുതപ്പെട്ടതാണല്ലോ
അന്വേഷണം തുടങ്ങി...
ചട്ടിയുടെ പരിസരത്തുനിന്നും
മൂത്രപ്പുരവരെയുള്ള അകലം,
ശങ്കതീര്‍ത്ത ശേഷം തിരികെ-
വരാനെടുത്ത സമയക്കണക്ക്,
സാഹചര്യത്തെളിവുകളായി
മത്തിയുടെ ജനിതകമാപ്പ്,
കാക്കയുടെയും പൂച്ചയുടെയും
വിരലടയാളപ്പകര്‍പ്പുകള്‍,
രേഖാചിത്രങ്ങള്‍.....,
നക്കിയും മണപ്പിച്ചും മാന്തിയും
അന്വേഷണം പുരോഗമിച്ചപ്പോഴാണ്
കറിക്കത്തി കാണാനില്ലെന്നറിഞ്ഞത്

"അന്വേഷണം പ്രത്യേക വഴിത്തിരിവിലെന്ന്‍"
കൂലങ്കഷമായിചിലച്ചു പറക്കുന്നൂ
മരക്കൊമ്പിലിരുന്നൊരു മാധ്യമപ്രവര്‍ത്തക.
രാത്രി പ്രത്യേക വാര്‍ത്താപരിപാടിയില്‍
മരപ്പട്ടി കുറുക്കന്‍ കുളക്കോഴി തുടങ്ങിയ
നേതാക്കളുമായി നടന്ന വഴിവിട്ട ചര്‍ച്ചയില്‍
കാണാതായ മത്തി.....
വകയിലൊരമ്മാവനാണെന്നു
കുളക്കോഴി സഗദ്ഗദം വെളിപ്പെടുത്തുകയുണ്ടായി.


ബന്‍സി ജോയ്----------------------------------22/7/2016

2016, മേയ് 26, വ്യാഴാഴ്‌ച

മാധ്യമവിചാരണ


________________________@
മത്സരം
ആമയ്ക്കനുകൂലമായിരുന്നു
ഉറക്കം
മുയലിനെപിന്നിലാക്കി.
മത്സരം
അവസാനിച്ചില്ലെന്നു രണ്ടുപേരും
തിരിച്ചറിഞ്ഞതു പിന്നീടാണ്
യുദ്ധം തുടങ്ങുകയായിരുന്നു..!
മുഖത്തിനുനേരെ ഉന്നംതെറ്റാതെ
ക്യാമറചൂണ്ടി അവര്‍ നിറയൊഴിച്ചുതുടങ്ങി

"ഈ മത്സരം വനനിയമങ്ങളുടെ
നഗ്നമായലംഘനമായിരുന്നില്ലേ?"
"ജീവികള്‍ക്കിടയില്‍ അസ്വസ്ഥത-
പടര്‍ത്തുന്നത്തിനുംഅനാരോഗ്യകരമായ-
കിടമത്സരം ഉളവാക്കുന്നതിനും
മാത്രമല്ലേ ഇത് ഉപകരിക്കപ്പെടൂ"?
"ശരിയായ ആരോഗ്യസ്ഥിതി
ഇല്ലാതിരുന്ന സമയത്ത്
മത്സരിച്ചതുകൊണ്ടല്ലേ
മോശപ്പെട്ടൊരു പരാജയം ഉണ്ടായത്‌?"
"നിങ്ങളുടെ ഈ പരാജയത്തില്‍
ആമയെ സംശയിക്കുന്നുണ്ടോ?"
"നിങ്ങളെ മയക്കിക്കിടത്തുവാന്‍
ഭക്ഷണത്തില്‍ ഏതെങ്കിലും ഗൂഢശക്തികള്‍
മയക്കുമരുന്ന്കലര്‍ത്തിയതായി കരുതുന്നുണ്ടോ?"
"നിങ്ങള്‍ ഈ വിജയംഅര്‍ഹിക്കുന്നുണ്ടോ?"
"അര്‍ഹതയില്ലാത്ത ഈ വിജയത്തില്‍
നിങ്ങള്‍ക്കെങ്ങനെ ആഹ്ലാദിക്കാന്‍ തോന്നുന്നു?"
"ഇങ്ങനെയൊരു വിജയത്തിനു്
ആമയൊരുക്കിയ സമര്‍ത്ഥമായ കെണി
എന്തുതന്നെയായാലും അഭിനന്ദിക്കാതെ വയ്യ!"
"സുഹൃത്തിനെ മത്സരത്തിനു ക്ഷണിച്ചത്
അവന് അപമാനം നിറഞ്ഞൊരു
പരാജയം സമ്മാനിച്ച്
സ്വയം കേമനെന്നു ഭാവിക്കാനോ?"

അഭിപ്രായങ്ങള്‍, ധാരണകള്‍
സാക്ഷിമൊഴികള്‍,സര്‍വേകള്‍
വിലയിരുത്തലുകള്‍,വെല്ലുവിളികള്‍...
ഇവയ്ക്കിടയില്‍ ഉറക്കക്ഷീണം
ബാക്കിനില്‍ക്കുന്ന മുയലിന്റെ മുഖം
അനുകമ്പാര്‍ഹനായ പരാജിതന്റെ
രൂപത്തില്‍ഇടയ്ക്കിടെ ചാനലില്‍
മിന്നിച്ചുകൊണ്ടിരുന്നു.
നേര്‍ക്കു നേരേ പക
കണ്ണുകളിലും മനസുകളിലും
എരിഞ്ഞുതുടങ്ങി
ഒരുയുദ്ധം അനിവാര്യമാണെന്ന്
ഏവര്‍ക്കും ബോധ്യപ്പെട്ടു തുടങ്ങി
വനം വന്യമായി.

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
 ബന്‍സി ജോയ്-------------------------------23/5/2016

2016, ഏപ്രിൽ 24, ഞായറാഴ്‌ച

കമ്പപ്പുരയ്ക്കു തീ കൊളുത്തുമ്പോള്‍

ഉടലിനേക്കാള്‍ പ്രിയതരം
ഉടയാടയെന്നോ...?
കണ്ണാടിയില്‍ നോക്കി
കമനീയചിത്രം ചമയ്ക്കുന്നു നിത്യം
ഉടുത്തിട്ടുമുടുത്തിട്ടും
മതിയാകുന്നില്ലൊരുനാളും
ബാക്കിയാണിപ്പോഴും ഉടലും ദാഹവും


രസനയിലേറെ
രുചിക്കൂട്ടുകള്‍ നിറച്ചിട്ടും
ക്രമംകെട്ട തൃഷ്ണയ്ക്കൊടുക്കമില്ല
ആര്‍ത്തിപെരുത്തകണ്ണുകള്‍ക്ക്
അങ്ങാടിയാണെവിടവും
രാപകലറിയാതെ ഇമയിളകാതുഴറി
ദാഹംപെരുത്ത് പെരുതാകുന്നു.

നിലതെറ്റിയൊരമിട്ടുപോലാഗ്രഹം
ദിശതെറ്റി കമ്പപ്പുരയ്ക്കു തീ കൊടുക്കെ
അമിതാഹ്ലാദമെരിതീക്കടലായ്
കരിഞ്ഞമാംസത്തുണ്ടുകളായ് പെയ്തിറങ്ങി

ഇരകള്‍ക്കുനേരേ ദന്തഗോപുരത്തില്‍നിന്നു
സഹതപിക്കാനുമനുശോചിക്കാനും
പരകായപ്രവേശം ചെയ്തു
ഞാനുമൊരു മാന്യനാം പൌരനായ്
കനല്‍കെടുംമുമ്പ് കതിനയ്ക്കു തീകൊടുക്കാന്‍
ഞാനെന്‍റെ കുതിരകളെ പൂരത്തിനിറക്കി.

ബന്‍സി ജോയ്   ......................................    24-4-20016

2016, മാർച്ച് 10, വ്യാഴാഴ്‌ച

ശൂന്യത
പാപികളോടാണ്
സംസാരിക്കുന്നതെന്നു
മുമ്പിലിരുന്നവരെ
ബോധ്യപ്പെടുത്തിക്കൊണ്ട്
അയാള്‍ തുടങ്ങി
മാനസാന്തരപ്പെട്ടാല്‍
സ്വര്‍ഗത്തിലേക്കു പോകാം
അല്ലെങ്കില്‍
ചാകാത്തപുഴുവും
കെടാത്തതീയുമുള്ള
നരകമാണുവിധി.
പിന്നീടു വാക്കുകളും
വര്‍ണ്ണനകളും
യേശുവിനെ കൂട്ടുപിടിച്ചായി
അവന്‍റെ നീതി
ന്യായവിധി
എല്ലാം സഗൌരവം
ചങ്കിനുനേരെ
തൊടുത്തുവിട്ടു
ക്ഷീണം മാറ്റാന്‍
ഒരിറക്കു വെള്ളംകുടിച്ച
ഇടവേളയിലാണ്
ചോദ്യം വന്നത്
‘ചേട്ടാ യേശുവിനു
താങ്കളെ അറിയാമോ...?’
അനന്തരം
സ്വര്‍ഗീയമായശൂന്യത
അവിടെ സംഭവിച്ചു.


ബന്‍സി ജോയ്                     10-3-20162016, ഫെബ്രുവരി 19, വെള്ളിയാഴ്‌ച

ചുവരെഴുത്ത്


--------------------------------------@
ബോണ്ടയും കൊഴക്കട്ടയും സുഖിയനും
ഒരുചില്ലുകൂട്ടിലെന്നാലും
പരസ്പരംവൈരികള്‍
കറുത്തവന്‍ വെളുത്തവന്‍
മഞ്ഞത്തൊലിയന്‍
എന്നൊക്കെയാണാക്ഷേപം
കാണാതെപോകുന്നുമൂവരും
കടക്കാരന്റെ ചുവരെഴുത്ത്
'ഒരുകടി എട്ടുരൂപ മാത്രം'


////////////////ബന്‍സി ജോയ് 20/2/216

ചക്കോസാറിന്റെ നീതിബോധവും അപ്പുക്കുട്ടന്റെ പ്രതിസന്ധിയും

................................................... പത്താംക്ലാസ്സു ബീയിലെ അപ്പുക്കുട്ടന്‍ ഒരപ്രഖ്യാപിത സമരത്തിനു കോപ്പുകൂട്ടി. കുട്ടി...