2015, ഏപ്രിൽ 27, തിങ്കളാഴ്‌ച

സാക്ഷി--------------------------------------@
പരസ്പരം കണ്ണുകളിലേക്കു
നോക്കിയിരുന്നു
അവളിലവനേയും
അവനിലവളേയും
അന്വേഷിച്ചന്വേഷിച്ച്
അവരില്ലണ്ടായി...

ശൂന്യതയില്‍ മൂന്നാമതൊരാള്‍
മുനവച്ചുചോദിച്ചു
നിങ്ങള്‍തമ്മിലത്രയ്ക്കോ...?
അവളുടെ സ്നേഹം
എന്‍റെ നെഞ്ചകമറിയുന്നുവെന്ന്‍
അവനും
അവന്‍റെ പ്രണയം
ഹൃദയംകൊണ്ടറിയുന്നുവെന്ന്‍
അവളും.
കടുംചുവപ്പാര്‍ന്ന
റോസാപ്പൂക്കള്‍ പോലവര്‍
രാഗംപകര്‍ന്ന്
സുഷുപ്തിയിലാണ്ടു.

പ്രണയം ധ്യാനിച്ച മൂന്നാമന്‍
തിര്യക്കുകള്‍ക്കുതുല്യം
കലമ്പല്‍ കേട്ടുണര്‍ന്നു.

എന്നെ നീ അറിയുന്നില്ലെന്ന്
അവള്‍.
നിനക്കെന്നെയറിയില്ലെന്ന്
അവന്‍.
വിലകുറച്ചെന്നെ
കണ്ടതുകൊണ്ടാണെന്‍റെ
ജന്മദിനത്തില്‍
വിലകുറഞ്ഞസമ്മാനം
തന്നതെന്നവള്‍
എന്‍റെ പ്രണയോപഹാരത്തിനു
വിലയിട്ടതു
എനിക്കു വിലയിട്ടതു
പോലെന്നവന്‍
കലഹംപെരുത്ത്
കീരിയും പാമ്പുമായി.

കടിച്ചുകീറി രക്തംപൊടിച്ച്
വിരഹം.

കിനാവുകള്‍
പളുങ്കുപത്രംപോലെ
ചിതറിത്തെറിച്ചതിന്‍
ചാരത്തുനിന്ന്‍
പ്രണയംസത്യമല്ലെന്നും
സ്ഥിരമല്ലെന്നും
സത്യംസ്ഥിരമെന്നും


ഉള്‍ക്കാതറിഞ്ഞ്
ധ്യാനത്തിലമരുന്നു സാക്ഷി.


////ബന്‍സി ജോയ് ...........................................28/4/2015

2015, ഏപ്രിൽ 3, വെള്ളിയാഴ്‌ച

എന്‍റെ പിഴ-------------------------------------------------------@
സ്വര്‍ഗത്തിനും ഭൂമിക്കും മധ്യേ
ഉയര്‍ത്തപ്പെട്ട നിന്‍റെ
സിംഹാസനമായിരുന്നു
മരക്കുരിശ്.
നിന്നെ മരത്തോടുചേര്‍ത്തിട്ടും
നിന്‍റെ ഹൃദയം
മരമായില്ലെന്നതിനു
രക്തവും ജലവും സാക്ഷി.
മുള്‍ക്കിരീടം ചൂടിയ
നിന്‍റെ രാജത്വം
അന്ധകാരത്തിന്നു മീതേ
വെളിച്ചത്തിന്‍റെ വിജയം.
നിന്‍റെ മുറിക്കപ്പെട്ട
ഹൃദയത്തില്‍ നിന്ന്‍
ഉയര്‍ന്ന നിലവിളി;
ഇന്നും നിന്നെതള്ളിപ്പറഞ്ഞ്‌
ചിരിച്ചുകൊണ്ട് ചതിവിതച്ച്
മൌനം ഭൂഷണമാക്കിയ
എന്‍റെ ഹൃദയകാഠിന്യത്തിനു പകരം.
ജീവന്‍റെ ഉടയവനേ,
നിന്നാലുപേക്ഷിക്കപ്പെട്ട പ്രാണന്‍
നിന്‍റെ ഹിതമനുസരിച്ച്
പുന:പ്രവേശം ചെയ്ത്
ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന ബോധത്തിനു
ഉയിര്‍പ്പുഞായര്‍ വരെ
ഞാനെന്തിനാണ്
ഇപ്പോഴും കാത്തിരിക്കുന്നത്
തിരുനിണത്താല്‍ വീണ്ടെടുക്കപ്പെട്ട
അല്‍പവിശ്വാസിയോടു
പൊറുക്കേണമേ...                                     ////ബന്‍സി ജോയ്

മനുഷ്യപുത്രന്‍റെ നിലവിളി

..........................@ അനന്തരം സാത്താനാല്‍ പരീക്ഷിക്കപ്പെടേണ്ടതിനു മനുഷ്യപുത്രന്‍ മലമുകളിലേക്കു നടന്നു സൂര്യന്‍ ഉച്ചസ്ഥായിയില...