2018, മേയ് 1, ചൊവ്വാഴ്ച

ചക്കോസാറിന്റെ നീതിബോധവും അപ്പുക്കുട്ടന്റെ പ്രതിസന്ധിയും


...................................................
പത്താംക്ലാസ്സു ബീയിലെ
അപ്പുക്കുട്ടന്‍
ഒരപ്രഖ്യാപിത സമരത്തിനു
കോപ്പുകൂട്ടി.
കുട്ടികളുടെ ഹൃദയമിടിപ്പറിഞ്ഞ്
അദ്ധ്യാപനം തപസ്യയാക്കിയ,
സുമതിട്ടീച്ചര്‍ ചെവിക്കുചെവിയാലെ
കാര്യമറിഞ്ഞു
പ്രകോപനത്തിനുകാരണം
പിന്‍ബഞ്ചുകാരന്‍
ചക്കപ്പോണ്ണന്‍ സതീശന്‍
ഹിതമാല്ലാത്തൊരിക്കാര്യം ഭവിച്ചത്
സ്കൂള്‍മുറ്റത്തെബദാംചുവട്ടില്‍
രമ്യ,ലീല,രജനി,മേരി,സന്ധ്യ എന്നീ
സുന്ദരികളേവരും കാണ്‍കെ
അപ്പുക്കുട്ടനെ
ചക്കപ്പോണ്ണന്‍ സതീശന്‍
കൊഞ്ഞനംകുത്തിക്കാണിച്ചു


സ്കൂളിന്നഭിമാനം,
നാടിന്നുനാളത്തെ വാഗ്ദാനം,
സമര്‍ത്ഥന്‍,സര്‍വ്വോപരി
വിദ്യാര്‍ത്ഥിപ്രതിനിധി
ഇത്യാദികളൊക്കെയായ
അപ്പുക്കുട്ടന്നു
മാനഹനിക്കിതു കാരണമായി.
പള്ളിക്കൂടത്തിന്റെ ഭാരവും
കുടവയറിന്റെ ഭാരവും
ഒരുപോലെതാങ്ങുന്ന
ചാക്കോമാഷ്
വിഷയംകേട്ട് ഗൌരവംപൂണ്ടു
കൂലങ്കഷചിത്തനായി.....
'ടി സി'കൊടുത്തുവിടാന്‍
അനുവാദംതരുന്നില്ല.
വിദ്യാഭ്യാസാവകാശനിയമം
ശാരീരികപീഡനം
മാനസികപീഡനം
തുടങ്ങിയ പീഡനങ്ങള്‍ക്ക്
വകതിരിവില്ലാത്ത വകുപ്പുകളേറെ;
പല്ലിനുപകരം പല്ല്
കണ്ണിനുപകരം കണ്ണ്
നീതിനടപ്പാക്കപ്പെട്ടു
രമ്യ ,ലീല,രജനി,മേരി,സന്ധ്യ എന്നീ
സുന്ദരിമാരുടെ മഹനീയ സാന്നിധ്യത്തില്‍
ചക്കപ്പൊണ്ണന്‍ സതീശനെ
അപ്പുക്കുട്ടന്‍
കൊഞ്ഞനംകുത്തിക്കാണിച്ചു
സംതൃപ്തനായി,
സമരം പിന്‍വലിച്ചു!!!


വീട്ടിലേക്കുള്ള മണിമുഴങ്ങി
ആരവങ്ങളാലഭിമാനപൂരിതനായി
അപ്പുക്കുട്ടന്‍ മടങ്ങുകയായി
കവലയൊന്നുകഴിഞ്ഞു
വളവൊന്നുതിരിഞ്ഞു
എതിരേനില്‍ക്കുന്നു
ചക്കപ്പൊണ്ണന്‍ സതീശന്‍
നിക്കറൂരി ഉടുമുണ്ടുപൊക്കിക്കാട്ടി
തിരിഞ്ഞൊരോട്ടം
കൂക്കുവിളികളുച്ചത്തിലൊടുങ്ങാതെ
ചിരിച്ചാര്‍ത്തു സുന്ദരികള്‍
തലതാഴ്തിയപ്പുക്കുട്ടന്‍!!
ചാക്കോസാറിന്റെ നീതിബോധം
ഇതിലും "ശിക്ഷ"നടപ്പിലാക്കുന്നതു
പഴയതുപോലാകുമോ......
ഉത്കണ്ഠാകുലനായി അപ്പുക്കുട്ടന്‍.

********************************************************
ബന്‍സി ജോയ്                                      1/4/2018

ചക്കോസാറിന്റെ നീതിബോധവും അപ്പുക്കുട്ടന്റെ പ്രതിസന്ധിയും

................................................... പത്താംക്ലാസ്സു ബീയിലെ അപ്പുക്കുട്ടന്‍ ഒരപ്രഖ്യാപിത സമരത്തിനു കോപ്പുകൂട്ടി. കുട്ടി...