2015 മാർച്ച് 13, വെള്ളിയാഴ്‌ച

പിടച്ചില്‍






-------------------------------------------@

നാഴികയും നക്ഷത്രവും
നല്ലത്.
ജാതകം കേമം.
കുസൃതികള്‍
അതിരസം.
വളര്‍ന്നു,
ആവശ്യങ്ങള്‍
അനാവശ്യങ്ങള്‍,
ഒന്നും
നിരസിച്ചില്ല.
മയില്‍പ്പീലികൊണ്ടും
വേദനിപ്പിച്ചില്ല.
ഒരുനാള്‍,
അയല്‍പക്കത്തെ
ഗോപിക
അമ്മയോടു
പറഞ്ഞു,
"നമ്മുടെ
മോനുവിന്
കഴുകന്‍റെ
കണ്ണുകളും
നഖങ്ങളും
കുറുക്കന്റെ
ചിരിയുമാണ്"
അമ്മ
ഗര്‍ഭപാത്രം
വരെ
പിടഞ്ഞു....



//////ബന്‍സി ജോയ്

കഷ്ടം




------------------------------------@
"ഇങ്ങനെ മതിയോ"
"പിന്നെ"
"കെട്ടണ്ടേ"
"വേണോ"
"വേണം"
"കെട്ടി"
"വിശേഷം?"
"മത്സരിക്കുന്നുണ്ട്"
"ഇതുവരെയൊന്നും"
"ഓക്കാനിച്ചു"
"എന്നത്തേക്കാ?"
"ഉടനെ"
"വല്ലതുമായോ"
"ആയി"
"എന്തുകുട്ട്യാ?"
"പെണ്ണ്‍ "
"ശ്ശോ! കഷ്ടമായിപ്പോയി"




//////ബന്‍സി ജോയ്

2015 മാർച്ച് 11, ബുധനാഴ്‌ച

അയനം







-----------------------------------@


ഒരു കൈക്കുമ്പിള്‍
ജലത്തില്‍ നീ
പ്രതിഫലിക്കെ,
നീയിത്രയേയുള്ളുവെന്ന്‍
ഞാന്‍ കരുതി
എന്‍റെ കരുതലുകള്‍
നിന്‍റെ കരച്ചിലായ്
തുളുമ്പിയൊഴുകി
നീ ഗംഗയായ്

///////ബന്‍സി ജോയ്

2015 മാർച്ച് 1, ഞായറാഴ്‌ച

പക്ഷേ





.............................................@

അര്‍ജ്ജുനനര്‍ജ്ജുനനെന്ന്‍
അസൂയാലുക്കള്‍പോലും
അഭിനന്ദിച്ചാര്‍ത്തോടുവില്‍
വിരാടവിഡ്ഢിയുടെ ദര്‍ബ്ബാറില്‍
ബൃഹന്ദളവേഷത്തില്‍
ജീവിതമജ്ഞാതം
ഉര്‍വശിയിപ്പോഴും
ക്ഷണിക്കുന്നുണ്ട്‌ പക്ഷേ............

/////ബന്‍സി ജോയ്

2015 ഫെബ്രുവരി 23, തിങ്കളാഴ്‌ച

രാവണപക്ഷത്ത്


-----------------------------------------------------------@
കഥയമമ കഥയമമ
കഥകളതിസാദരമെന്ന്‍
അമരകവിതുഞ്ചത്തുരാമാനുജന്‍
കിളിമകളോടതിസരസമുരചെയ്ത്
വിരചിച്ച രാമകഥാമൃതം
ഉത്ക്കടഹര്‍ഷവുമതിവാത്സല്യവു-
മുള്‍ച്ചേര്‍ത്ത്‌ പ്രാര്‍ത്ഥനാനിര്‍ഭരം മുത്തശ്ശി
കോസലനാഥനെ സ്മരിച്ച്
പാരായണം ചെയ്യവേ
ഗ്രാനൈറ്റു തറയില്‍
വിലയേറിയ കാര്‍പെറ്റില്‍
എല്ലീഡീ വെട്ടത്തില്‍
ബോറടിച്ചെന്നുപറഞ്ഞ്
കോട്ടുവായിട്ട് സമീപസ്ഥനായ്‌
കൊച്ചുമകന്‍


അറിയണം നീയിക്കഥ
ഇടമുറിയാതെ മുഴുവനായ്
ഹൃദയത്തിലാക്കണം
അകപ്പോരുളറിയണം
അധര്‍മ്മത്തിന്നെതിരേ
മുഴങ്ങുന്നഞാണൊലി
അന്തരംഗത്തിലെന്നും മിടിക്കണം
രാമന്‍റെചരണം നിനക്കെന്നും
ശരണമായ്ത്തീരണം
പ്രാണന്‍പൊലിയുന്ന
നേരത്തുപോലുമാ
ലോകാഭിരാമന്‍റെ നാമം
മോക്ഷത്തിന്നുതകുന്ന കാരണമെന്ന്
അകതാരിലറിയണം
നീയെന്നുമെന്നും
മകനേ നീയിക്കഥാസാരമൊക്കെ
നന്നായിഗ്രഹിക്കേണമെന്നുചൊല്ലി
കവിളില്‍തലോടി സ്നേഹംചൊരിയവേ
മുത്തശ്ശിക്കറിയുമോ ടാര്‍സനെ
സ്പൈഡര്‍മാന്‍ സൂപ്പര്‍മാന്‍
മാന്‍ഡ്രേക്കെന്നിവരേ
എത്രരസമാണെന്തൊരു
സാഹസമാണിവരുടേതെന്ന്


കനപ്പെട്ടു നിശബ്ദത
പുകയായ് പുകഞ്ഞുയരുന്നു കദനം
നിര്‍വ്വാണപ്രാപ്തിക്കാഗ്രഹം
ജനിച്ചു പോയ്‌
സാധ്വിയാമാമുത്തശ്ശിക്ക്
രാമ ശ്രീരാമ സീതാഭിരാമ
ശ്രീരാമചന്ദ്രപരമാനന്ദമൂര്‍ത്തേ
രാമസായകമേറ്റൊരു
മോക്ഷമാണിതില്‍ഭേദം
ആയതിന്നിനി
രാവണപക്ഷത്തും ചേരാം
രാമ ശ്രീരാമചന്ദ്ര
നീതന്നെശരണം


///////ബന്‍സിജോയ്

2015 ഫെബ്രുവരി 22, ഞായറാഴ്‌ച

പനി

പനി
------------------------------------------------------------@

ഒരുതവണ
കാണുന്നതിന്
നൂറ്റിയമ്പതുരൂപ
കണ്ടു
ശ്വാസംപിടിച്ചു
വലിച്ചുവിട്ടു
നെഞ്ചിലും പുറത്തും
കുഴലുവച്ചു
വായും കണ്ണും പരമാവധി
തുറന്നുകാണിച്ചു
കുറിപ്പടിതന്നു
നേരേഎതിരേയുള്ള
മരുന്നുകടയില്‍നിന്നു
വാങ്ങണമെന്നു
പ്രത്യേകം പറഞ്ഞു
അതിന്നടുത്തലാബില്‍നിന്നു
രക്തം കഫം മലംമുത്രം
നെഞ്ചിന്നൊരു എക്സ്രേ
തലയ്ക്കൊരു സ്കാന്‍
എല്ലമെടുക്കേണ്ട വഴിയും
വഴിക്കണക്കും
വഴിപോലെ പറഞ്ഞുതന്നു
രണ്ടുദിവസം കഴിഞ്ഞു
വീണ്ടും വന്നുകണ്ടു
പരിശോധനാഫലങ്ങളില്‍
സൂക്ഷ്മപരിശോധന
കരുണം ശാന്തം അത്ഭുതം
ഭാവങ്ങള്‍ മിന്നിമറഞ്ഞു
"ഞാന്‍ കരുതിയതുപോലൊന്നും
തനിക്കില്ല.
ചെറിയൊരു പനി
കഴിഞ്ഞതവണ കുറിച്ച
ഗുളികകള്‍ കഴിച്ചാല്‍ മതി"
ഫീസ് സ്നേഹപൂര്‍വ്വം
സ്വീകരിച്ചഡോക്ടര്‍
ചിരിച്ചുകൊണ്ടു യാത്രയാക്കി.

///////ബന്‍സി ജോയ്

2015 ഫെബ്രുവരി 13, വെള്ളിയാഴ്‌ച

അകമെഴുത്ത്


അകമെഴുത്ത്
---------------------------@
നീ നന്നായി
ചുണ്ടുകള്‍ ചുവപ്പിച്ചിരിക്കുന്നു.
അല്‍പംകൂടി-
കടുത്തനിറമുപയോഗിച്ച്
അതിന്നതിരുകളും
വരച്ചിരിക്കുന്നു.

മഷിയെഴുതിയ
നിന്‍റെ കണ്ണുകളിലെ
തിളങ്ങുന്നകാമന
യൌവനത്തിന്‍റെ
വിരുന്നുമേശയില്‍
തീക്ഷ്ണമായ പങ്കുവയ്ക്കലിന്
വീണ്ടും വീണ്ടും
എന്നെ ക്ഷണിക്കുന്നത്
ഞാനറിയുന്നു.

ഒരു ഗാഢചുംബനത്തില്‍
ഇല്ലാണ്ടായേക്കാവുന്ന
ചുണ്ടിലെചായം പോലെയാണ്
നമുക്കിടയിലെ രാഗമെന്ന്
ഞാനെന്‍റകത്ത്
ആവര്‍ത്തിച്ചാവര്‍ത്തിച്ച്
എഴുതിപ്പഠിക്കുന്നു.

///ബന്‍സി ജോയ്

പിന്‍ബഞ്ച്

--------------------------- ശ്രുതിമോളുടെമമ്മി ഒന്നാംക്ലാസിനുമുന്നില്‍, ചുവപ്പിച്ചചുണ്ടില്‍ പുഞ്ചിരിപുരട്ടി മിഴിക്കോണുകൊണ്ടു വിളിച്ചു. ...