2014 ഡിസംബർ 31, ബുധനാഴ്‌ച

സാന്ത്വനം




--------------------------------------------------------------------
സജലങ്ങളായകണ്ണുകള്‍ കൊണ്ടു
ഞാന്‍ നിന്നെ തിരയുകയാണ്
എന്‍റെ കാഴ്ചവട്ടത്തിനുള്ളില്‍
മിഴിനീരിന്‍റെ ദൃശ്യചാരുതയില്‍
അകലെ നിന്‍റെ വെണ്മയേറിയ
വസ്ത്രത്തിന്‍റെ തൊങ്ങല്‍

നിന്‍റെ വിശ്വാസകൂടാരത്തിലെ
എന്‍റെ സഹയാത്രികര്‍
നിന്‍റെ വാക്കുകള്‍കൊണ്ട്
എന്നെഅളന്നു സ്വയംവിശുദ്ധരായ്
ചായം പൂശിയ പുഞ്ചിരിയ്ക്കുടയവര്‍
വെള്ളിനാണയം
മറുവിലയായ് ചോദിച്ചു

കപടതനുരയുന്ന വിശുദ്ധമേശയില്‍-
നിന്ന് ഹൃദയംതൊടാത്ത വാക്കുകള്‍;
അധരംമാറിയോഴുകിയപ്പോള്‍
മധുരംവിട്ടകന്ന നിന്‍റെവചനം
ചിലമ്പിച്ചു നൃത്തംവയ്ക്കുന്ന
നിന്‍റെ കൂടാരത്തില്‍
ഞാന്‍ നഗ്നന്‍,പിഴച്ചവന്‍
കഠിനഭാരങ്ങളുളളില്‍ കുറുകി
ഞാനശക്തനാകുന്നു.

പിന്നാമ്പുറത്തെന്നോ
പാര്‍ശ്വവര്‍ത്തിയെന്നോ
പറയാനറിയാതെ
പെരുവിരല്‍ത്തുമ്പിനാല്‍
ഉയര്‍ന്നുപൊങ്ങിനിന്‍റെ
വസ്ത്രാഞ്ചലത്തില്‍-തൊട്ടില്ല-
എങ്കിലും തിരിച്ചറിയുന്നു,
നിന്‍റെ വിരല്‍സ്പര്‍ശം
എന്‍നിറമിഴികളില്‍.


////////ബന്‍സി ജോയ്

2014 ഡിസംബർ 3, ബുധനാഴ്‌ച

പുരാവൃത്തം





----------------------------------
ദൈവത്തിന്‍റെ ആത്മാവ്
ഭൂമിക്കുമീതേ പരിവര്‍ത്തനം
ചെയ്തുകൊണ്ടിരുന്നു.
സന്ധ്യയായി ഉഷസ്സുമായി
ആറാം ദിവസം
അവന്‍ പുരുഷനെ മെനഞ്ഞു
ഏദെന്‍ തോട്ടത്തിന്‍റെ-
ഫലസമൃദ്ധിയിലും, ആദം
ഖിന്നനെന്നുകണ്ട്
ദൈവം
അവന് അവളെ കൊടുത്തു.
അതോടെ
ശരികളെല്ലാം അവന്‍റേതായി
തെറ്റുകള്‍ അവളുടേതും.
ഈ വിധിയെഴുത്തില്‍
ഏദെന്‍തോട്ടം ഊഷരമായി.
പുരുഷന്‍ വി'ഷണ്ണനായി
ഉച്ചിയില്‍ നെരിപ്പോടേറ്റിയ
അവള്‍
മൌനംകനത്തു മഴയായ് പെയ്യുന്നു.

////ബന്‍സി ജോയ്                       

2014 നവംബർ 28, വെള്ളിയാഴ്‌ച

ദൈവസന്നിധിയിലെ കണക്കുവിചാരങ്ങള്‍


---------------------------------------------------
അവന്‍ നിലത്തെഴുതിയത്
പാപത്തിന്‍റെ കണക്കുകളാണെന്ന്‍
പള്ളിപ്രമാണി പറഞ്ഞു.
കണക്കില്‍ പാപം വരുന്നതും
പാപത്തില്‍കണക്കുവരുന്നതും
പാപം കണക്കാകുന്നതും
പാപി നെടുവീര്‍പ്പിട്ട്
അനുഭവിച്ചറിഞ്ഞു.
കല്ലെറിയാന്‍ വന്നവര്‍ക്ക്
ഒരുപാധി മാത്രമേ ഉണ്ടായിരുന്നുള്ളു
ഇടപാടുകള്‍ക്കെല്ലാം രസീതു വേണം
കയ്യടിച്ചംഗീകരിച്ച് മുട്ടുകുത്തി
അവര്‍ വിശുദ്ധരായ്‌.
കരുതിവച്ചകല്ലുകള്‍
അടുത്തയോഗത്തിലാകാമെന്നതു
രഹസ്യമായതീരുമാനം.




↣ശരീരംകൊണ്ടു തെറ്റുചെയ്തതിനാല്‍,കല്ലെറിയല്‍ വിധി നടപ്പാക്കുന്നതിന് യേശുവിന്‍റെ മുന്നില്‍ കൊണ്ടുവന്ന സ്ത്രീയെ ഓര്‍ക്കുക.
/// ബന്‍സി ജോയ്

2014 നവംബർ 23, ഞായറാഴ്‌ച

ഗുരുത്വം


-------------------------------------------------------------------------
അയാളിന്നലെ ചത്തു.
അറിവിലുന്നതന്‍ ആശ്രിതവത്സലന്‍
കുടുംബത്തില്‍ പിറന്നവന്‍
സമുദായസ്നേഹി
സംസ്കാരത്തിന്നെത്തിയവര്‍
അദ്ധ്യാപകശ്രേഷ്ഠന്റ
“ഠ” യ്ക്കുപുറത്ത്ഒരുവൃത്തംകൂടിചേര്‍ത്തു
കടുപ്പത്തിലനുശോചിച്ചാര്‍ദ്രരായ്
ഭാഗ്യവാന്‍ അധികംകിടന്നില്ലല്ലോ.
നടന്നകാലത്തുടുമുണ്ടിന്ററ്റം
കക്ഷത്തിലായിരുന്നെപ്പോഴും
ഖദറിന്റവെണ്മ നീണ്ടചൂരല്‍‍
മുറുക്കിച്ചുവപ്പിച്ചചുണ്ടിന്നുമീതേ
നരച്ചമീശയില്‍ പൊട്ടുകളായ്
പാക്കുവെറ്റിലചേര്‍ത്തരച്ചമിശ്രിതം.
ചുവന്നകണ്ണുകളിലഹന്തയും ക്രൌര്യവും
ചിരിച്ചുകണ്ടിട്ടില്ലൊരിക്കലും
ഭയംവിതച്ച് വരാന്തയിലൂടിറങ്ങിനടക്കും
മാളത്തിലൊളിക്കും കുട്ടികള്‍
സാറായാലിങ്ങനെവേണം
ഒരിക്കലുംക്ലാസില്കുയറിരണ്ടക്ഷരം
പഠിപ്പിച്ചിട്ടില്ലെന്നാലും
കേമെനെന്നെല്ലാരും പറഞ്ഞു.
ദു:ഖാര്‍ത്തര്‍നടുവില്‍; ഓര്‍മ്മയില്‍,
തിണര്‍ത്ത പാടുകളില്‍ വിരല്‍തൊട്ട്
ദീര്‍ഘനിശ്വാസംകൊണ്ടു കുഞ്ഞുണ്ണി
സ്ക്കൂളിന്റതിണ്ണയില്‍ തൂണിന്നുചേര്‍ത്തു
നിക്കറിനുമീതേ കഠിനമാംശിക്ഷ
നിലവിളികടിച്ചമര്‍ത്തിയേറ്റുവാങ്ങിയതും
അന്നുപെടുക്കാന്‍പെടാപ്പാടുപെട്ടതും
കൂട്ടുകാര്‍മുമ്പില്‍ കുനിഞ്ഞ ശിരസ്സുമായ്
പാപഭാരത്തിന്നഗ്നിയിലുരുകി
സ്വയമില്ലാണ്ടായതും
കദനം കവിളുകളില്‍ മിഴിനീര്‍ച്ചാലുതീര്‍ത്തതും
മങ്ങാതെനില്പ്പുണ്ടിന്നും വേദനയൊഴിയാതെ
കാലമതുകഴിഞ്ഞു മുറിവുകള്‍കരിവരകളായി
എങ്കിലും മറയാതെനില്ക്കുന്നു-
ചെറുപുഞ്ചിരിയുണര്‍ത്തി തെറ്റ് തെറ്റായിന്നും
സില്ക്കുസ്മിതേ നിന്റ ചിത്രമായിരുന്നു
എന്‍റെ പുസ്തകപ്പുറംചട്ടയില്‍

////////ബന്‍സി ജോയ്

2014 നവംബർ 20, വ്യാഴാഴ്‌ച

ബോധോദയം


---------------------------------------------------
തീവ്രപ്രണയത്തിന്റ
നേര്‍ക്കാഴ്ചകളും ഗാഢമൌനങ്ങളും
ഉന്മത്തമാംശിരസ്സിനെ
തിരശ്ചീനമാക്കവേ
ചുടുചുംബനത്തിന്‍
സീല്ക്കാരത്തിന്നൊടുവില്‍
അവളവന്റ കാതോട്ചുണ്ടുകള്‍
ചേര്‍ത്തു മൃദുമന്ത്രണം
“നീ എന്റ ഹൃദയമാണ്"
ആഹ്ളാദത്തിരമാലകള്‍ ആകാശത്ത്
പ്രണയരാഗംചാര്‍ത്തുന്നതും
നക്ഷത്രങ്ങള്‍ പ്രകാശിക്കുന്നതും
നിലാവിന്റ ചീളുകളുടെ നനുത്തസ്പര്‍ശവും
നേര്‍ത്തലഹരിയായ് അവന്‍ നുണഞ്ഞു
കണ്ണുകളടച്ച് കാലംകഴിച്ച്
പ്രണയാന്ധകാരത്തില്‍
മുങ്ങിപ്പൊങ്ങിയവന്‍
സത്യത്തിലേക്കുണര്‍ന്നത്
“താല്പര്യമില്ലെന്ന”-
കഠിനവാക്കുകള്‍ക്കൊടുവിലാണ്.
അപാരമായ തിരിച്ചറിവിന്റ
ആത്മബോധത്തിലേക്കുള്ള
എടുത്തെറിയലായിരുന്നു അത്.
തല്പര്യമില്ലായ്മയാണെല്ലോ
മനുഷ്യനെ വൈരാഗിയാക്കുന്നതും
ആത്മബോധത്തിലേക്കു നയിക്കുന്നതും.

////ബന്‍സി ജോയ്

2014 നവംബർ 12, ബുധനാഴ്‌ച

ന്യൂസ്‌പ്ലസ്.







----------------------------------------------------------
ഒരു വെറുംവാക്ക്
മുളപൊട്ടി നാമ്പിട്ടു
ഇതള്നീട്ടി
വാര്ത്തയായ് വിരിയവേ
നഖമുനയാലില്ലാതാക്കിയാല്‍‌
അക്ഷരവൈരിയെന്നോ
മാധ്യമവിരോധിയെന്നോ
അപകടംമണത്ത്
ആധിമൂത്ത്
സത്യംകൂവിയാല്‍
അതിവാര്ത്തയെന്ന
ന്യൂസ്‌പ്ലസ്.





2014 ഒക്‌ടോബർ 30, വ്യാഴാഴ്‌ച

അസംസ്കൃതം






-----------------------------------------
അവരാരും ബസിനു കല്ലെറിയണമെന്നു
പറഞ്ഞില്ല.
ചെയ്തതുമില്ല.
സഹജീവിയെ കൊല്ലാന്‍
ആയുധമെടുത്തില്ല.
തെരുവില്‍ മുദ്രാവാക്യം വിളിച്ച്
രക്തം ചൊരിഞ്ഞില്ല.
കടകള്‍ക്കു കല്ലെറിഞ്ഞില്ല.
വാഹനം തച്ചുടച്ച് ഗര്‍ഭിണിയെ
വഴിയില്‍ ഇറക്കിവിട്ടില്ല.
എന്നിട്ടും നാം
സംസ്കാരത്തിനു
ചേര്‍ന്നതല്ലെന്നാരോപണം
അവര്‍ക്കുമേല്‍ ചൊരിഞ്ഞു.
സദാചാരസംസ്കൃതചിത്തര്‍
ചീത്തവിളിച്ചു കലിപ്പുതീര്‍ത്തു

ചുംബനത്തിന്
ഇത്ര ചൂടോ?

എന്‍റെ ദൈവമേ........
നിന്നെ ഒറ്റിക്കൊടുക്കുന്നതിനും
ആയുധമായി ഭവിച്ചത്
ചുംബനമായിരുന്നു....!


ബന്‍സി ജോയ്
30/10/2014

ചിങ്ങത്തിന്നൊടുവില്‍


----------------------------------------


ഓണം കഴിഞ്ഞു
മഹാബലി വീണ്ടും വഴിതെറ്റി
പാതാളത്തിലേക്കു പോയി.
ദൈവത്തിന്റ സ്വന്തം നാട്ടില്‍-
സ്വര്‍ഗത്തിലേക്കു വഴിയില്ലെന്നല്ല
ഇവിടുത്തെ ചൂണ്ടുപലകകള്‍ക്കു
ദിശാബോധമില്ലെന്ന്‍!!!!
ഒരാഴ്ചത്തെ ഉന്മാദം
ബാക്കിവയ്ക്കുന്നതെന്താണ്?
ആഞ്ഞു കടിച്ചിട്ടും പൊട്ടാതെ
ബാക്കിയായ ശര്‍ക്കരപുരട്ടിപോലെ
എന്തോ ഒന്ന്‍.
നാളെ വീണ്ടുംവന്ന് വഴിതെറ്റി
പാതാളത്തിലേക്കു പോകാന്‍
തീര്‍ക്കുന്ന ശേഷിപ്പുകള്‍.



/// ബന്‍സി ജോയ്
12/9/2014

മഴയറിവ്




 

--------------------------------------------


ഒരു വലിയതൊട്ടി നിറയെജലം
ആഞ്ഞുകോരിച്ചെപ്പിയതു പോലെ
തീപ്പൊരിചിതറി
ഘടഘടാരവം പെയ്തിറങ്ങി.
തുലാവര്‍ഷമെന്നു
പഴയ പഞ്ചാംഗം
ന്യുനമര്ദ്ദമെന്നു ചിലര്‍
മേഘച്ചുഴിയെന്നു ജ്ഞാനികള്‍
മേഘസ്ഫോടനമാവാമെന്നു നിരീക്ഷകര്‍
തലനനഞ്ഞെന്നു മുടിയില്ലാത്ത ഞാനും.



ബന്‍സി ജോയ്
6/10/14 




Knowing the Rain
------------------------------
                                                              പരിഭാഷ
                                                  മിനു സൂസന്‍ കോശി
 
As if water has been spilt out
From a brimming big pa
il.
Sparks scatter
Reverberations rain down
The monsoons
Says the old panchanga
And some others bespeak
Low pressure
The wise say the clouds spin
Observers argue for a case of cloud-burst
And as for the me of the bald head, I say,
My head got wet.


 

പിന്‍ബഞ്ച്

--------------------------- ശ്രുതിമോളുടെമമ്മി ഒന്നാംക്ലാസിനുമുന്നില്‍, ചുവപ്പിച്ചചുണ്ടില്‍ പുഞ്ചിരിപുരട്ടി മിഴിക്കോണുകൊണ്ടു വിളിച്ചു. ...