--------------------------------------------------------------------
സജലങ്ങളായകണ്ണുകള്‍ കൊണ്ടു
ഞാന്‍ നിന്നെ തിരയുകയാണ്
എന്‍റെ കാഴ്ചവട്ടത്തിനുള്ളില്‍
മിഴിനീരിന്‍റെ ദൃശ്യചാരുതയില്‍
അകലെ നിന്‍റെ വെണ്മയേറിയ
വസ്ത്രത്തിന്‍റെ തൊങ്ങല്‍
നിന്‍റെ വിശ്വാസകൂടാരത്തിലെ
എന്‍റെ സഹയാത്രികര്‍
നിന്‍റെ വാക്കുകള്‍കൊണ്ട്
എന്നെഅളന്നു സ്വയംവിശുദ്ധരായ്
ചായം പൂശിയ പുഞ്ചിരിയ്ക്കുടയവര്‍
വെള്ളിനാണയം
മറുവിലയായ് ചോദിച്ചു
കപടതനുരയുന്ന വിശുദ്ധമേശയില്‍-
നിന്ന് ഹൃദയംതൊടാത്ത വാക്കുകള്‍;
അധരംമാറിയോഴുകിയപ്പോള്‍
മധുരംവിട്ടകന്ന നിന്‍റെവചനം
ചിലമ്പിച്ചു നൃത്തംവയ്ക്കുന്ന
നിന്‍റെ കൂടാരത്തില്‍
ഞാന്‍ നഗ്നന്‍,പിഴച്ചവന്‍
കഠിനഭാരങ്ങളുളളില്‍ കുറുകി
ഞാനശക്തനാകുന്നു.
പിന്നാമ്പുറത്തെന്നോ
പാര്‍ശ്വവര്‍ത്തിയെന്നോ
പറയാനറിയാതെ
പെരുവിരല്‍ത്തുമ്പിനാല്‍
ഉയര്‍ന്നുപൊങ്ങിനിന്‍റെ
വസ്ത്രാഞ്ചലത്തില്‍-തൊട്ടില്ല-
എങ്കിലും തിരിച്ചറിയുന്നു,
നിന്‍റെ വിരല്‍സ്പര്‍ശം
എന്‍നിറമിഴികളില്‍.
////////ബന്‍സി ജോയ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ