2015 ജനുവരി 31, ശനിയാഴ്‌ച

ലാബിലെ പെണ്‍കുട്ടി




ലാബിലെ പെണ്‍കുട്ടി
--------------------------------------@
കണ്ണില്‍ചോരയി-
ല്ലാത്തതുകൊണ്ടാണ്
രക്തത്തില്‍ പഞ്ചസാര
ക്രമത്തിലധികമായതെന്നു
ലാബിലെപെണ്‍കുട്ടി
കളിയായ്‌ പറഞ്ഞു
ചങ്കില്‍കുത്താനുള്ളവസരം
മവളും പഴാക്കുന്നില്ലെ-
ന്നോര്‍ത്ത് അവനും ചിരിച്ചു
ചില്ലുകൂട്ടിന്നുള്ളിലേ
മധുരംപൊതിഞ്ഞ പ്രലോഭനങ്ങള്‍
രസനയില്‍ രസംകിനിയുന്ന
നോവുകള്‍ മാത്രമാണിനി.
മധുരം മൃതമെന്നവള്‍
വീണ്ടുമോര്‍മ്മിപ്പിക്കെ
അധികം പഞ്ചാരയടിക്കാതെ
പദംവച്ചു നിറംകെട്ട
രുചിക്കൂട്ടുകള്‍ക്കു മാത്രമായി
ബാക്കി ജീവിതം



2015 ജനുവരി 21, ബുധനാഴ്‌ച

ദാമ്പത്യം








--------------------------------------@
നീയും
ഞാനും
തമ്മില്‍
പുറംതിരിഞ്ഞ്
ജീവിതചക്രം
മത്സരിച്ചു
ചവുട്ടി
സങ്കടക്കടലിന്‍റെ
നീര്‍ച്ചുഴി ചമയ്ക്കുന്നു




ബന്‍സി ജോയ്

2015 ജനുവരി 17, ശനിയാഴ്‌ച

6.30 എ. എം

6.30 എ . എം
-----------------------------------------------@
ഇളം മഞ്ഞ്
തണുത്ത കാറ്റ്
അസ്വസ്ഥതകള്‍
നിറച്ചു മടക്കിയ
ദിനപ്പത്രം
കഞ്ഞിപ്പശമുക്കിയ
കോട്ടണ്‍സാരി ചുറ്റി
മന്ദസ്മിതം തൂകി
പുലരി

2015 ജനുവരി 12, തിങ്കളാഴ്‌ച

ക്യൂ - വില്‍ നിന്നദൈവം

ക്യൂ - വില്‍ നിന്നദൈവം
-------------------------------------------------------------------@

നുരഞ്ഞുപൊന്തുന്ന
ആഗ്രഹങ്ങളും
അസംതൃപ്തമാം മനസ്സും
വെയില്‍കൊണ്ടു ചുവക്കുന്നനേരം
"അവളേയുംകൊണ്ടു
ഞാന്‍ നാളെ വരും
എന്തെങ്കിലും പ്രയോജനം വേണ്ടേ,
പെട്ടെന്നു സാധനംകിട്ടാന്‍
വഴിയിനിയിതു മാത്രം.
അല്ലെങ്കിലെന്തിനു
മദ്യക്കടയ്ക്കു മുന്നില്‍
രണ്ടു വരി
പെണ്ണിന്നുമാണിന്നു
മൊന്നിച്ചുനിന്നാല്‍പ്പോരേ"
കുഴഞ്ഞനാവില്‍നിന്ന്
ഉച്ചത്തിലാത്മപ്രലപനം.

അപകര്‍ഷബോധം മുറ്റിക്കുറുകി-
ക്കുനിഞ്ഞ ശിരസുകള്‍
ചത്തമീന്‍കണ്ണുകള്‍
അണഞ്ഞദീപം പോലെ
മുഖങ്ങള്‍
പുലഭ്യംപറഞ്ഞും നെടുവീര്‍പ്പിട്ടും
മുന്നോട്ടു പോകെ
മുന്നില്‍നിന്നൊരാള്‍
വെട്ടിത്തിരിഞ്ഞ് ഒരു നോട്ടം
"നീയെന്താണിവിടെ?
നിന്നെക്കുറിച്ചിതല്ലല്ലോ...."
അന്നോട്ടത്തിലൂടകലെ
നിന്നൊരു പ്രകാശരേണു
ഗദാധരന്‍റെ കൊറ്റികള്‍ കണക്ക്
ആത്മബോധത്തിന്‍റഗ്നി ജ്വലിപ്പി-
ച്ചതവന്‍റെ അകക്കണ്ണറിഞ്ഞു.
വരിമുറിച്ചവന്‍ സ്വതന്ത്രനായ്‌
ജീവിതം ലഹരിയായ്.

///// ബന്‍സി ജോയ്        ൧൨/൧/൨൦൧൫

2014 ഡിസംബർ 31, ബുധനാഴ്‌ച

സാന്ത്വനം




--------------------------------------------------------------------
സജലങ്ങളായകണ്ണുകള്‍ കൊണ്ടു
ഞാന്‍ നിന്നെ തിരയുകയാണ്
എന്‍റെ കാഴ്ചവട്ടത്തിനുള്ളില്‍
മിഴിനീരിന്‍റെ ദൃശ്യചാരുതയില്‍
അകലെ നിന്‍റെ വെണ്മയേറിയ
വസ്ത്രത്തിന്‍റെ തൊങ്ങല്‍

നിന്‍റെ വിശ്വാസകൂടാരത്തിലെ
എന്‍റെ സഹയാത്രികര്‍
നിന്‍റെ വാക്കുകള്‍കൊണ്ട്
എന്നെഅളന്നു സ്വയംവിശുദ്ധരായ്
ചായം പൂശിയ പുഞ്ചിരിയ്ക്കുടയവര്‍
വെള്ളിനാണയം
മറുവിലയായ് ചോദിച്ചു

കപടതനുരയുന്ന വിശുദ്ധമേശയില്‍-
നിന്ന് ഹൃദയംതൊടാത്ത വാക്കുകള്‍;
അധരംമാറിയോഴുകിയപ്പോള്‍
മധുരംവിട്ടകന്ന നിന്‍റെവചനം
ചിലമ്പിച്ചു നൃത്തംവയ്ക്കുന്ന
നിന്‍റെ കൂടാരത്തില്‍
ഞാന്‍ നഗ്നന്‍,പിഴച്ചവന്‍
കഠിനഭാരങ്ങളുളളില്‍ കുറുകി
ഞാനശക്തനാകുന്നു.

പിന്നാമ്പുറത്തെന്നോ
പാര്‍ശ്വവര്‍ത്തിയെന്നോ
പറയാനറിയാതെ
പെരുവിരല്‍ത്തുമ്പിനാല്‍
ഉയര്‍ന്നുപൊങ്ങിനിന്‍റെ
വസ്ത്രാഞ്ചലത്തില്‍-തൊട്ടില്ല-
എങ്കിലും തിരിച്ചറിയുന്നു,
നിന്‍റെ വിരല്‍സ്പര്‍ശം
എന്‍നിറമിഴികളില്‍.


////////ബന്‍സി ജോയ്

2014 ഡിസംബർ 3, ബുധനാഴ്‌ച

പുരാവൃത്തം





----------------------------------
ദൈവത്തിന്‍റെ ആത്മാവ്
ഭൂമിക്കുമീതേ പരിവര്‍ത്തനം
ചെയ്തുകൊണ്ടിരുന്നു.
സന്ധ്യയായി ഉഷസ്സുമായി
ആറാം ദിവസം
അവന്‍ പുരുഷനെ മെനഞ്ഞു
ഏദെന്‍ തോട്ടത്തിന്‍റെ-
ഫലസമൃദ്ധിയിലും, ആദം
ഖിന്നനെന്നുകണ്ട്
ദൈവം
അവന് അവളെ കൊടുത്തു.
അതോടെ
ശരികളെല്ലാം അവന്‍റേതായി
തെറ്റുകള്‍ അവളുടേതും.
ഈ വിധിയെഴുത്തില്‍
ഏദെന്‍തോട്ടം ഊഷരമായി.
പുരുഷന്‍ വി'ഷണ്ണനായി
ഉച്ചിയില്‍ നെരിപ്പോടേറ്റിയ
അവള്‍
മൌനംകനത്തു മഴയായ് പെയ്യുന്നു.

////ബന്‍സി ജോയ്                       

2014 നവംബർ 28, വെള്ളിയാഴ്‌ച

ദൈവസന്നിധിയിലെ കണക്കുവിചാരങ്ങള്‍


---------------------------------------------------
അവന്‍ നിലത്തെഴുതിയത്
പാപത്തിന്‍റെ കണക്കുകളാണെന്ന്‍
പള്ളിപ്രമാണി പറഞ്ഞു.
കണക്കില്‍ പാപം വരുന്നതും
പാപത്തില്‍കണക്കുവരുന്നതും
പാപം കണക്കാകുന്നതും
പാപി നെടുവീര്‍പ്പിട്ട്
അനുഭവിച്ചറിഞ്ഞു.
കല്ലെറിയാന്‍ വന്നവര്‍ക്ക്
ഒരുപാധി മാത്രമേ ഉണ്ടായിരുന്നുള്ളു
ഇടപാടുകള്‍ക്കെല്ലാം രസീതു വേണം
കയ്യടിച്ചംഗീകരിച്ച് മുട്ടുകുത്തി
അവര്‍ വിശുദ്ധരായ്‌.
കരുതിവച്ചകല്ലുകള്‍
അടുത്തയോഗത്തിലാകാമെന്നതു
രഹസ്യമായതീരുമാനം.




↣ശരീരംകൊണ്ടു തെറ്റുചെയ്തതിനാല്‍,കല്ലെറിയല്‍ വിധി നടപ്പാക്കുന്നതിന് യേശുവിന്‍റെ മുന്നില്‍ കൊണ്ടുവന്ന സ്ത്രീയെ ഓര്‍ക്കുക.
/// ബന്‍സി ജോയ്

പിന്‍ബഞ്ച്

--------------------------- ശ്രുതിമോളുടെമമ്മി ഒന്നാംക്ലാസിനുമുന്നില്‍, ചുവപ്പിച്ചചുണ്ടില്‍ പുഞ്ചിരിപുരട്ടി മിഴിക്കോണുകൊണ്ടു വിളിച്ചു. ...