2015 സെപ്റ്റംബർ 6, ഞായറാഴ്‌ച

അയ്‌ലന്‍ കുര്‍ദി


--------------------------------@
സമാധാനത്തിന്‍റെ തൂണുകള്‍
പിഴുതെറിയപ്പെട്ടിരിക്കുന്നു.
അരാജകത്വം ക്രൌര്യംനിറഞ്ഞ
കൂര്‍ത്തപല്ലുകള്‍കൊണ്ട്
നായാട്ടിനിറങ്ങിയിരിക്കുന്നു.
ദൈവം ആവേശിച്ചവര്‍
ആയുധംകയ്യിലേന്തി
തെരുവിലിറങ്ങിയിരിക്കുന്നു.
നിരാലംബജീവിതങ്ങള്‍
മാതൃരാജ്യത്ത് അഭയാര്‍ത്ഥികളാകുന്നു.
ഗര്‍ജ്ജിക്കുന്നസിംഹാസനങ്ങളില്‍നിന്ന്‍
തീക്കാറ്റടിച്ചുവരുന്നു.
ചുട്ടുനീറുന്നനെരിപ്പോടില്‍നിന്ന്‍
ആരാണ് മോചനംആഗ്രഹിക്കാത്തത്?
ആടിയുലയുന്ന ജീവിതനൌകയില്‍
അഭയംതേടി നിലവിട്ടപ്രയാണം
ആഴക്കടലില്‍ പിടിവിട്ട വിരല്‍ത്തുമ്പ്‌
പ്രാണന്‍റെപാശങ്ങളറുത്ത് ജലസമാധി
തിരകളുടെതാരാട്ടില്‍ ഭൂമിയെചുംബിച്ച്,
പ്രകാശംനഷ്ടപ്പെട്ട്, ഒരു നക്ഷത്രം


..............ബന്‍സി ജോയ്........................൫-൯-൧൫

2015 ഓഗസ്റ്റ് 30, ഞായറാഴ്‌ച

ഓണം-2015











-----------------------------@
മരണക്കളി
കരാളനൃത്തം
ചെകുത്താന്റെവേഷം
ദാഹംപെരുത്തകണ്ണുകള്‍
വിഷംപുരട്ടിയവാക്കുകള്‍
വ്യാജന്‍നുരയുന്നഊട്ടുപുരയില്‍
മായംകലര്‍ന്നസദ്യ
ക്രമംകെട്ടചലനങ്ങളില്‍
പൊലിയുന്നപ്രതീക്ഷകള്‍
കേരളംപാതാളമെന്നു
നന്മകളുടെചക്രവര്‍ത്തി.


///////ബന്‍സി ജോയ്                             31-8-2015

2015 ജൂലൈ 22, ബുധനാഴ്‌ച

മരുഭൂമിയിലെ പരീക്ഷകന്‍




ഒരുകയ്യില്‍ ബൈബിളും
മറുകയ്യില്‍ പ്രലോഭനവുമായി
സഹോദരാ..എന്നു വിളിച്ചുകൊണ്ട്
പരീക്ഷകന്‍ കയറിവന്നു
രോഗദുരിതങ്ങള്‍ നിറഞ്ഞ
എന്‍റെ ജീവിതമരുഭൂമി
അവന്‍റെ പരീക്ഷണഭൂമിക.
അവന്‍റെ നാവിന്‍റെവായ്ത്തലയില്‍
എന്‍റെകുടുംബം കുടുങ്ങി.
മാനസാന്തരപ്പെട്ടോ?
രക്ഷിക്കപ്പെട്ടോ?
മുങ്ങിച്ചേര്‍ന്നോ?
പരീക്ഷകന്‍ ചോദിച്ചു
മൌനം മറുപടി.

പാപമോചനം
ശാപമോചനം
ദുരിതമോചനം
അത്ഭുതരോഗശാന്തി
അമേരിക്കയ്ക്കു വിസാ
നാലഞ്ചുബാങ്കുകളില്‍
നിറയെ കാശ്
ബംഗ്ലാവ്, കാറ്
ജീവന്‍റെ പുസ്തകത്തില്‍പേര്
സ്വര്‍ഗരാജ്യത്തില്‍ ഏക്കറുകള്‍
പട്ടയംപതിച്ചു നല്‍കും
അയതിന്നു പാവിരിച്ചു-
നമസ്കരിക്കുകെന്നു പരീക്ഷകന്‍

നമസ്കരിച്ചു, ഒറ്റനമസ്കാരം,
പരീക്ഷകന്നു ദര്‍ശനപ്പെരുമഴ
അര്‍ത്ഥരഹിതമപശബ്ദങ്ങള്‍
അന്യഭാഷയെന്നു വ്യാഖ്യാനം.
എല്ലാത്തിനുംകാരണം പാപമാണ്
ആത്മാവില്‍നിന്ന് അരുള്‍മൊഴി!
നോക്കിയതു പാപം
നടന്നതു പാപം
നിന്നതു പാപം
തോട്ടത്, പിടിച്ചത്,
തുപ്പിയത്, തുമ്മിയത്,
തിന്നത്, കുടിച്ചത്,
ജനിച്ചത്,ജനിപ്പിച്ചത്
എല്ലാം പാപം
(ക്രീയ = പാപം)
വിലക്കപ്പെട്ടകനി കഴിച്ച
ആദമിനെപ്പോലെ ഞാന്‍
പോത്തിപ്പിടിച്ചു തലകുനിച്ചുനിന്നു.
എന്‍റെഹൃദയത്തില്‍ നഖംതാഴ്ത്തി
മടിശ്ശീലയിലെ ഒാട്ടക്കാലണപോലും
പിച്ചിപ്പറിച്ചെടുത്ത് അവന്‍
തടിച്ചുകൊഴുത്തുന്മാദിക്കുന്നെന്നു
നല്ല ശമര്യാക്കാരന്‍ പറഞ്ഞിട്ടും
എനിക്കു കേള്‍ക്കാന്‍ കഴിഞ്ഞില്ല.

////ബന്‍സി ജോയ്                                22/7/2015






2015 ജൂൺ 13, ശനിയാഴ്‌ച

ചെമ്പരത്തിപ്പൂവ്




ദാരിദ്ര്യംവാരിച്ചുറ്റിയാണ്
നഗ്നത മറച്ചത്,എന്നിട്ടും
നല്ല അയല്‍ക്കാരന്‍ അപഹസിച്ചു
കാലുവെന്തനായയെപ്പോലെ
നിത്യച്ചെലവിനോടിയിട്ടും
കരുതിയില്ലെന്നാരോപിച്ച്
ബന്ധുക്കള്‍മുഖംതിരിച്ചു.
അന്തിക്കുശയ്യാവലംബിയായ് ;
തണ്ടെല്ലുതകരുന്ന വേദന,
അമര്‍ത്തിയതേങ്ങല്‍,
ഏങ്ങലടിച്ചുഞരങ്ങിയത്
സുഖിക്കുകയാണെന്ന്
സഹജീവികളുടെ ഫലിതം!
അങ്ങനെയാണ് ചങ്കുപറിച്ചത്.

///////ബന്‍സിജോയ്.....................14/6/15

2015 മേയ് 26, ചൊവ്വാഴ്ച

പരീക്ഷ


----------------------------------------@

പുസ്തകം തുറന്നുവച്ച്
എഴുതിത്തുടങ്ങുക
ആവര്‍ത്തിച്ചുവരയ്ക്കപ്പെടുന്ന
അക്ഷരങ്ങള്‍ക്കു് ആര്‍ത്ഥഭാരം ഉണ്ടാവില്ല.
ഭയപ്പെട്ടു വിറയ്ക്കാന്‍
പിന്നിലൂടെ നോട്ടം വരില്ല
മാറിമറിഞ്ഞചരിത്രകഥകളും
മനംമടുപ്പിച്ചഅപപാഠങ്ങളും
രാസയൌഗികങ്ങളുടെ
പ്രതിപ്രവര്‍ത്തനങ്ങളും
ശിരസ്സിലിടംകിട്ടായ്കയാല്‍
അലഞ്ഞുതിരിയില്ല

നോക്കിയെഴുത്ത് എന്ന കലയില്‍
പണ്ടേ പിമ്പനാണെങ്കില്‍
അതൈശ്ചികമായെടുത്ത്
പരിശീലനം തുടങ്ങുക.
നേടുക ദീര്‍ഘദൃഷ്ടി,
കാഴ്ചകരങ്ങളിലെത്തുക,
വരകള്‍വടിവിലാക്കുക.

ഉത്തരക്കടലാസിനു മാത്രമല്ല
പകര്‍ത്തെഴുത്തിനുപയോഗിച്ച
ഗ്രന്ഥങ്ങള്‍ക്കും ഇനി പ്രത്യേകം മാര്‍ക്കു്
ഓരോ കടലാസിലും
അതതിന്‍റെ മാര്‍ക്കു്
കുറിക്കപ്പെട്ടിരിക്കുന്നു
അകക്കട്ടിയുള്ള താളുകള്‍
ആരുടേതാണ്
വിരല്‍തൊട്ടു മാറിക്കുക
കാണുക,വരകള്‍മാത്രം
പരീക്ഷയിലകപ്പെടുക
നിയോഗം പൂര്‍ത്തിയാക്കുക.

എന്നിട്ടും എന്തുകൊണ്ടാണ്
സമ്മര്‍ദ്ദംനിറഞ്ഞ പരീക്ഷാമുറിയില്‍
എന്നെ ഒറ്റപ്പെടുത്തിയിരിക്കുന്നത്.
പരീക്ഷകന്‍ പെരുച്ചാഴിയെപ്പോലെ
പലദിശകളില്‍ സഞ്ചരിക്കുന്നത്.
അക്ഷരങ്ങള്‍കൊരുത്ത വിരലുകള്‍
വിറച്ചലക്ഷ്യമാകുന്നത്.
ആരോ എന്‍റെതലയില്‍
നീറ്റുംപെട്ടിയെറിഞ്ഞിരിക്കുന്നു.
കാലുകള്‍ക്കു തീയിട്ടിരിക്കുന്നു.
എന്‍റെ ജീവിതം പൂരിപ്പിക്കേണ്ടത്
ആരുടെ ജീവിതം പകര്‍ത്തിയെഴുതിയാണ്....?



/////ബന്‍സി ജോയ്-------------------------------------27/5/2015
(പുസ്തകം തുറന്നുവച്ച് പരീക്ഷഎഴുതുന്നരീതി നമ്മുടെ കലാശാലകളിലും വന്നേക്കാം എന്ന വാര്‍ത്ത,-ചില ഉന്നതന്മാര്‍ കോപ്പിയടിച്ചുപിടിക്കപ്പെട്ടതിനു ശേഷം വായിക്കുയുണ്ടായി)

2015 മേയ് 21, വ്യാഴാഴ്‌ച

കൂട്





-------------------------------------------------@





എരിത്തിലും വൈക്കോലുംമാത്രം
പരിചിതമായിപ്പോയ
പൂവാലിപ്പശുവിന്‍റെ
നെറുകയില്‍ തൊട്ടിട്ട്
ഉമ്മ ഉമ്മയെന്ന്‍
ചൊല്ലിച്ചിരിച്ചാഹ്ലാദിക്കുന്നു
ആരുമയാം കുസൃതി
കൂട്ടിലെകോഴികള്‍ക്കു നേരേ
കിന്നാരംപറഞ്ഞതി-
സ്നേഹംപൂണ്ടവരോടൊപ്പം
ശൈശവം പിച്ചവയ്ക്കുന്നു.
വാമഭാഗത്തിന്‍ നിര്‍ബന്ധം-
മൃഗശാലകാട്ടിക്കൊടുക്കവള്‍ക്കെന്ന്‍;
തിരുവനന്തപുരത്തിന്നു
സകുടുംബം വണ്ടികേറി.
പലരൂപത്തില്‍വിരാജിക്കും
ജീവിവര്‍ഗങ്ങള്‍തന്‍
വിലാസകേളികള്‍
അത്ഭുതംനിറയും കുഞ്ഞുമിഴികളാ-
ലറിഞ്ഞാഹ്ലാദപ്പൂത്തിരി
കത്തിച്ചവളാനന്ദിക്കെ,
കൂട്ടിലടയ്ക്കപ്പെട്ടജീവികളെ നോക്കി
ആഘോഷിക്കുന്നത്
മനുഷ്യത്വമല്ലെന്നവളോട്
പറയാന്‍കഴിയാതെ
ഖിന്നനായിടുന്നു
അഹംബോധമാം കൂട്ടിലകപ്പെട്ട
എന്നിലെ നരജീവി.



////////ബന്‍സി ജോയ്    ------------------------------22/5/2015

2015 മേയ് 8, വെള്ളിയാഴ്‌ച

വായന



-------------------------------------@




ഉദ്ഘാടനം ചെയ്തധികനാള്‍
കഴിയുംമുമ്പ് പൂട്ടുവീണ
ശൌചാലയം കണക്കവള്‍
വമിക്കുന്നുണ്ടിപ്പോഴും
ഗതകാലസ്മരണകള്‍
കനപ്പെട്ടതാഴിന്നുമീതെ
അവന്‍റെ താലി
കാര്യംസാധിക്കാന്‍ അവനാ-
പ്പുരയുടെചുറ്റുംമണ്ടിനടന്നു*
സൂക്ഷിക്കപ്പെട്ടരഹസ്യങ്ങള്‍
നെടുനിശ്വാസങ്ങളായ്
വരച്ചുവച്ചപുഞ്ചിരി
മുഖാവരണമാക്കി നവമിഥുനങ്ങള്‍
കഠിനതപം..............!
അകമറയുടെ പൂട്ടുതുറന്നു
ആര്‍ക്കോവേണ്ടി അവള്‍
കനല്‍കൊണ്ടു കോറിയിട്ട
ചുവരെഴുത്ത്
   "നീ കേള്‍ക്കാതെപോയ കവിത
    അശിക്കാതെ പോയ മധുരം
    മീട്ടാതെപോയ വീണ
    എന്‍റെപ്രണയം"
കനലുകള്‍ക്കുമീതെ അവളുടെ
നുറുങ്ങിയഹൃദയം
ചുംബനം അവന്‍മരുന്നാക്കി
അമൃതായി വാക്കുകള്‍
   "നാമീയോര്‍മ്മച്ചുമരുകളില്‍
     വെണ്‍ചായം തേയ്ക്കുക
     ചുവന്നഅക്ഷരങ്ങളില്‍
     മധുരമുള്ളകവിത നീ കുറിക്കുക
    നമുക്കൊന്നിച്ചു വായിച്ചുതുടങ്ങാം..".


////ബന്‍സി ജോയ് 8/5/2015

പിന്‍ബഞ്ച്

--------------------------- ശ്രുതിമോളുടെമമ്മി ഒന്നാംക്ലാസിനുമുന്നില്‍, ചുവപ്പിച്ചചുണ്ടില്‍ പുഞ്ചിരിപുരട്ടി മിഴിക്കോണുകൊണ്ടു വിളിച്ചു. ...