-------------------------------------------------@
എരിത്തിലും വൈക്കോലുംമാത്രം
പരിചിതമായിപ്പോയ
പൂവാലിപ്പശുവിന്‍റെ
നെറുകയില്‍ തൊട്ടിട്ട്
ഉമ്മ ഉമ്മയെന്ന്‍
ചൊല്ലിച്ചിരിച്ചാഹ്ലാദിക്കുന്നു
ആരുമയാം കുസൃതി
കൂട്ടിലെകോഴികള്‍ക്കു നേരേ
കിന്നാരംപറഞ്ഞതി-
സ്നേഹംപൂണ്ടവരോടൊപ്പം
ശൈശവം പിച്ചവയ്ക്കുന്നു.
വാമഭാഗത്തിന്‍ നിര്‍ബന്ധം-
മൃഗശാലകാട്ടിക്കൊടുക്കവള്‍ക്കെന്ന്‍;
തിരുവനന്തപുരത്തിന്നു
സകുടുംബം വണ്ടികേറി.
പലരൂപത്തില്‍വിരാജിക്കും
ജീവിവര്‍ഗങ്ങള്‍തന്‍
വിലാസകേളികള്‍
അത്ഭുതംനിറയും കുഞ്ഞുമിഴികളാ-
ലറിഞ്ഞാഹ്ലാദപ്പൂത്തിരി
കത്തിച്ചവളാനന്ദിക്കെ,
കൂട്ടിലടയ്ക്കപ്പെട്ടജീവികളെ നോക്കി
ആഘോഷിക്കുന്നത്
മനുഷ്യത്വമല്ലെന്നവളോട്
പറയാന്‍കഴിയാതെ
ഖിന്നനായിടുന്നു
അഹംബോധമാം കൂട്ടിലകപ്പെട്ട
എന്നിലെ നരജീവി.
////////ബന്‍സി ജോയ് ------------------------------22/5/2015
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ