2016, മാർച്ച് 10, വ്യാഴാഴ്‌ച

ശൂന്യത




പാപികളോടാണ്
സംസാരിക്കുന്നതെന്നു
മുമ്പിലിരുന്നവരെ
ബോധ്യപ്പെടുത്തിക്കൊണ്ട്
അയാള്‍ തുടങ്ങി
മാനസാന്തരപ്പെട്ടാല്‍
സ്വര്‍ഗത്തിലേക്കു പോകാം
അല്ലെങ്കില്‍
ചാകാത്തപുഴുവും
കെടാത്തതീയുമുള്ള
നരകമാണുവിധി.
പിന്നീടു വാക്കുകളും
വര്‍ണ്ണനകളും
യേശുവിനെ കൂട്ടുപിടിച്ചായി
അവന്‍റെ നീതി
ന്യായവിധി
എല്ലാം സഗൌരവം
ചങ്കിനുനേരെ
തൊടുത്തുവിട്ടു
ക്ഷീണം മാറ്റാന്‍
ഒരിറക്കു വെള്ളംകുടിച്ച
ഇടവേളയിലാണ്
ചോദ്യം വന്നത്
‘ചേട്ടാ യേശുവിനു
താങ്കളെ അറിയാമോ...?’
അനന്തരം
സ്വര്‍ഗീയമായശൂന്യത
അവിടെ സംഭവിച്ചു.


ബന്‍സി ജോയ്                     10-3-2016



2016, ഫെബ്രുവരി 19, വെള്ളിയാഴ്‌ച

ചുവരെഴുത്ത്


--------------------------------------@
ബോണ്ടയും കൊഴക്കട്ടയും സുഖിയനും
ഒരുചില്ലുകൂട്ടിലെന്നാലും
പരസ്പരംവൈരികള്‍
കറുത്തവന്‍ വെളുത്തവന്‍
മഞ്ഞത്തൊലിയന്‍
എന്നൊക്കെയാണാക്ഷേപം
കാണാതെപോകുന്നുമൂവരും
കടക്കാരന്റെ ചുവരെഴുത്ത്
'ഒരുകടി എട്ടുരൂപ മാത്രം'






////////////////ബന്‍സി ജോയ് 20/2/216

2015, ഡിസംബർ 1, ചൊവ്വാഴ്ച

സിംഹാസനത്തിലേക്ക് ഉരുളുന്നരഥക്കാഴ്ചകള്‍..



എന്‍റെ ആകാശത്തിനു മീതേ
ജാതിഭ്രാന്തെന്നമാലിന്യം
കോരിച്ചൊരിഞ്ഞാണവര്‍
സിംഹാസനം തീര്‍ക്കുന്നത്
ഉരുളുന്നരഥചക്രങ്ങള്‍ക്കു
താഴെ ഞെരിഞ്ഞൊടുങ്ങുന്നു നിസ്വര്‍
ജീവിതപ്പെരുവഴിയില്‍നിന്ന്
കിനാവുകാണാനുള്ളവകാശവും
അവരപഹരിച്ചെടുക്കുന്നു.
അയല്‍ക്കാരന്റെ കാലോടിഞ്ഞി-
ട്ടെനിക്കൊന്നു നടക്കണമെന്നൊരു
നവദര്‍ശനം പൊതുവേദിയി-
ലുളുപ്പില്ലാതെ വിളമ്പി മാന്യരാകുന്നു.
നിര്‍ദ്ദയം വിഷവീര്യമേറെത്തളിച്ച്
വിതച്ചുകൊയ്താഹരിക്കുന്നു-
കഠിനതപുല്‍കിയ വിഭാഗീയത.
മനസ്വസ്ഥതയുടെ മേലാപ്പുകീറുന്നവര്‍
അപരന്‍റെമുറിവിന്നു മീതേ
ആത്മസുഖം നേടിതൃപ്തരാകുന്നു
കൂര്‍ത്തപല്ലുകള്‍ക്കുതുല്യമാം കപടവാക്കുകള്‍
നന്മയുടെനേര്‍പഥത്തിലാഴ്ന്നിറങ്ങി
ബുദ്ധന്‍റെനിണം രുചിക്കുന്നു.
നിലാവ് നഷ്ടപ്പെട്ടു
ഇരുട്ടിന്‍റെകരങ്ങള്‍
നഖമുനയാഴ്ത്തുന്നു.
ഇല്ലിവിടെയവശേഷിച്ചിട്ടില്ല
സ്വാമി വിവേകാനന്ദന്‍,
ശ്രീ നാരായണഗുരു,
മഹാത്മാഗാന്ധിയിവരുടെ
പാദരശ്മികള്‍ പോലും..!
മറവി അതിന്‍റെ കാലത്തിലേക്ക്
എത്രവേഗമാണ് പ്രവേശിച്ചതെന്നു്
അടയാളപ്പെടുത്തുന്നു നിരന്തരം
ചരിത്രപഥത്തിലെ തമോഗര്‍ത്തങ്ങള്‍


ബന്‍സി ജോയ്----------------- 2/ 12 /15

2015, നവംബർ 21, ശനിയാഴ്‌ച

നവംബറിന്റ നഷ്ടം ചുംബനം മാത്രമോ....?


---------------------------------------------------@

പ്രിയപ്പെട്ട അനാമിക,
തൂമഞ്ഞിനിടയില്‍നിന്ന്‍
നനുത്തപ്രകാശമായ് നിന്‍റെ മന്ദഹാസം
എന്നെ തൊടുന്നത് ഞാനറിയുന്നു.
മരങ്ങള്‍ ഉണര്‍ന്നുതുടങ്ങുന്നതേയുള്ളൂ
രാവില്‍സ്വപ്നംകണ്ടുമയങ്ങിയ
പക്ഷിഗണങ്ങള്‍ പരസ്പരം
ചുംബിച്ചു പുതിയപുലരിയി-
ലേക്കുണര്‍ന്നു വാചാലമാകുന്നു.
സ്നേഹത്തിന്‍റെ സുഗന്ധവാഹിയായ
തൂവലുകള്‍ നീയവശേഷിപ്പിച്ചരാത്രിയില്‍
ഞാന്‍ യൂദായെ സ്വപ്നംകണ്ടു!
"അവന്‍ ജനിക്കാതിരുന്നെങ്കില്‍"
എന്നവനെക്കുറിച്ചു വേദനിച്ച
ഗുരുവിന്‍റെ നേത്രങ്ങള്‍
സജലങ്ങളാകുന്നതു ഞാനറിഞ്ഞു
കുറച്ചു വെള്ളിനാണയങ്ങള്‍...
ഒരു ചുംബനം മാത്രമാണ്
അവനു ചെലവുവന്നതു്
അതോടെ അവനിലവശേഷിച്ച
നന്മയും ചോര്‍ന്നുപോയി.
നന്മപ്രസരിക്കാത്ത വഴികളിലൂടെയാണ്‌
ഈ കെട്ടകാലത്തിലെ യാത്രകള്‍
കരങ്ങള്‍കോര്‍ത്തുനാം ഇനി
സൂക്ഷിച്ചുചുവടുകള്‍ വയ്ക്കുക.
ചുംബനങ്ങളുടെ വഴിയില്‍
ചതി പതിയിരുപ്പുണ്ടെന്നു
അനുഭവിച്ചറിഞ്ഞവരുണ്ട്‌.
ഉടലിന്റെഉഷ്ണസഞ്ചാരങ്ങളെ
പണംകൊണ്ട് ശമിപ്പിക്കുന്നവരില്‍ നിന്ന്‍
നാം നമ്മുടെ വിശുദ്ധചുംബനങ്ങളെ
സൂക്ഷിച്ചു വയ്ക്കേണ്ടതായിട്ടുണ്ട്.
ഓരോ ചുംബനവും അതിനര്‍ഹത
യുള്ളവര്‍ക്കുമാത്രം അവകാശപ്പെട്ടതാണു്.
നിന്‍റെ പേലവാധരങ്ങളില്‍ നിറഞ്ഞ-
മധുരം നുകരുന്നതിന് നിന്‍റെ മിഴികളിലൂടെ
ഞാനെന്നെ കാണുന്നു.
നിന്‍റെ ചുംബനങ്ങള്‍ക്കു പാത്രമാകാന്‍
ഞാനെന്നെ നിര്‍മ്മലനാക്കുന്നിടത്തു നിന്ന്‍
എന്‍റെ പ്രണയത്തിന്റെ യാത്ര തുടങ്ങുന്നു.


//////////ബന്‍സിജോയ്                 22.11.15

2015, നവംബർ 7, ശനിയാഴ്‌ച

ക്യാമറ വച്ച വിദ്യാഭ്യാസം

(മുന്തിയ ഫീസുവാങ്ങുന്ന ഒരു സ്കൂളില്‍, അധികാരികള്‍ അദ്ധ്യാപികമാരെ പുറംകുപ്പായം അണിയിച്ചു.പൊക്കിളാണു കാരണം.ക്ലാസ്സുമുറിയില്‍ ക്യാമറയും വച്ചു.ഇനി ഡിസിപ്ലിന്‍ വരും!!!)


------------------------------------@
പരാങ്മുഖനായ പഠിതാവാണ് ഞാനിന്ന്‍
എന്‍റേകാഗ്രതയ്ക്കു ഭംഗം വന്നിരിക്കുന്നു.
എന്നുരിയാട്ടങ്ങള്‍ക്കുമീതേ ഉടലിന്നു മീതേ
ഉടുപ്പിന്നുമീതേ ഉച്ചഭക്ഷണത്തിന്നുമീതേ
ഇമവെട്ടത്തൊരുകണ്ണ് തുറന്നുവച്ചിരിക്കുന്നു.
എന്റെ ചലനങ്ങള്‍ ആലേഖനം ചെയ്ത്
ആരോകാഴ്ചയ്ക്കു വിഷയമാക്കുന്നു
അവരുടെ ഹിതത്തിനനുസരിച്ച്
എന്റെ ചലനങ്ങള്‍രൂപപ്പെടുത്താന്‍
ഞാനിനി പഠിക്കേണ്ടിയിരിക്കുന്നു.

ഉള്ളില്‍ കുടുങ്ങിപ്പോയ വാക്കുകളുടെ ഭാരത്താല്‍
മുറിവേല്‍ക്കപ്പെട്ട ഒരദ്ധ്യാപിക ക്ലാസ്സില്‍
കൈകാലുകള്‍ക്കും മൌനത്തിന്റെ കടിഞ്ഞാണ്‍
സാരിക്കുമേലൊരു പുറംകുപ്പായമണിഞ്ഞെത്തിയത്
"പൊക്കിളുണ്ടാക്കിയ പ്രകോപന"മെന്ന്‍ നെടുനിശ്വാസം.
കറുത്തചുവരില്‍ വെളുത്തചോക്കുകൊണ്ട്
വരയപ്പെടുന്ന അക്ഷരങ്ങള്‍ ഇന്ന്‍ ആരിലേക്കും
അര്‍ത്ഥബോധം നിറച്ചെത്തുന്നില്ല.
തലയ്ക്ക്മുകളില്‍ ഡമോക്ലിസിന്റെ വാളുപോലെ
ഒരു മൂന്നാംകണ്ണ് തിരിയുന്നു.

ഇന്നു ക്ലാസ്സുമുറിയൊരു തടവറയാണ്
അര്‍ത്ഥശൂന്യമായവാക്കുകള്‍ ചിതറിത്തെറിക്കുന്നു.
ഹനിക്കപ്പെടുന്ന എന്‍റെ സ്വാതന്ത്ര്യം
മനസ്സിലൊരു വന്യതവളര്‍ത്തുന്നു.
ആര്‍ക്കോവേണ്ടി ഇന്‍കുബേറ്ററില്‍
വിരിയിച്ചെടുക്കുന്ന ചരക്കുകള്‍ മാത്രമാണി-
ച്ചുവരുകള്‍ക്കുള്ളില്‍ രൂപപ്പെടുന്നത്.
വായ്ത്തലയ്ക്കു കീഴെ നിശബ്ദമായ്
ശിരസ്സു നീട്ടികൊടുക്കാന്‍ വിധിക്കപ്പെട്ടവര്‍

ബന്‍സി ജോയ് 8-11-15

2015, നവംബർ 4, ബുധനാഴ്‌ച

പശു ഒരു ഭീകരജീവിയാണ്


തൊഴുത്തില്‍നിന്നപശു
ഭയമായി തെരുവിലിറങ്ങിനടക്കുന്നു.
കയറിന്‍റെമറ്റേയറ്റംകയ്യാളുന്നവര്‍
കാഴ്ചയ്ക്കുമറഞ്ഞുനില്‍ക്കുന്നു.
അധികാരത്തിന്‍റെ മേച്ചില്‍പ്പുറങ്ങ-
ളന്വേഷിച്ചതിലഭിരമിക്കുന്നവര്‍
പശുവിന്‍റെയടിസ്ഥാനത്തില്‍
മനുഷ്യനെ മൂന്നായിതിരിച്ചു
ബീഫുതിന്നുന്നവര്‍
ബീഫുതിന്നാത്തവര്‍
ബീഫുവിറ്റ് കാശാക്കുന്നവര്‍
ഇവര്‍പരസ്പരം ഇരകളും
വേട്ടക്കാരുമാകുമ്പോള്‍
കൂര്‍ത്തകൊമ്പുകള്‍ക്കിടയില്‍
ജീവിതം വിറങ്ങലിച്ചുനില്‍ക്കുന്നു
മനുഷ്യന്‍റെവില ചാണകത്തിലും
താഴെയെന്ന് സെന്‍സെക്സ് സൂചിക.

////ബന്‍സി ജോയ്‌                        ൫-൧൧-൧൫

2015, സെപ്റ്റംബർ 10, വ്യാഴാഴ്‌ച

ഓണത്തല്ല്‌


------------------------------@
ജാതി, മതം,
ദൈവം,ഗുരു,
രാഷ്ട്രീയം,പ്ലോട്ട്,
ജയന്തി.............
ഇത്യാദികളെക്കുറിച്ച്
അണ്ടന്‍,അഴകോടന്‍,
ചെമ്മാന്‍,തുടങ്ങി
നാട്ടിലെ സകലമാന
കാര്‍ക്കോടകന്മാരും
വിഷംചീറ്റി പരസ്പരം
ഹിംസിച്ച് ചര്‍ച്ചിച്ചു.
ഇതൊരു ദൃശ്യമാധ്യമ
വാര്‍ത്താധിഷ്ഠിതപരിപാടിയെന്ന്‍
ഭരതവാക്യംചൊല്ലുന്നു
ഷാളിടാത്ത അവതാരക.

പിന്‍ബഞ്ച്

--------------------------- ശ്രുതിമോളുടെമമ്മി ഒന്നാംക്ലാസിനുമുന്നില്‍, ചുവപ്പിച്ചചുണ്ടില്‍ പുഞ്ചിരിപുരട്ടി മിഴിക്കോണുകൊണ്ടു വിളിച്ചു. ...