2015, ഫെബ്രുവരി 2, തിങ്കളാഴ്‌ച

പുറത്തേക്കു പോയ നസ്രേത്തുകാരന്‍

പുറത്തേക്കു പോയ
നസ്രേത്തുകാരന്‍

---------------------------------------------@
തണുപ്പിറ്റുന്ന രാത്രി കാലം
ആണ്ടറുതിക്കല്പ നേരം
ഇടവകധ്യാനയോഗം
പ്രാര്‍ത്ഥനാനിര്‍ഭരം
സ്തുതികളാല്‍ മുഖരിതം.


അരങ്ങത്ത്
ആട്ടവിളക്കിനു പിന്നില്‍
ആവിപറക്കുന്നനുഭവജ്ഞാനവുമായി
ആത്മീയനവാതിഥി
മാനസാന്തരം വന്ന ചെറുപ്പക്കാരന്‍


പയറ്റുതുടങ്ങി
വലതുമാറി ഇടതൊഴിഞ്ഞ്
ആഞ്ഞുചവിട്ടി കൊഞ്ഞനംകുത്തി
ഭീഷണിപ്പെടുത്തി
ശാപവാക്കുകളുരുവിട്ട്
വെള്ളംകുടിച്ച്
ഉച്ചത്തിലുറക്കെ “സ്തോത്രം”

അന്തിക്ക് ആത്മീയലഹരി
പാനംചെയ്യാനെത്തിയ
ആബാലവൃദ്ധമഖിലവും
ഏറ്റുചൊല്ലി രംഗം കൊഴുപ്പിച്ചു
മേമ്പൊടിയായി
ചടുലതാളത്തില്‍ സംഗീതവും.


അനുഭവസാക്ഷ്യമായ്
പ്രാക്തനജീവിതം
അനാവരണംചെയ്തു
അഭിമാനപുരസരം പുംഗവന്‍

“വെള്ളമടിച്ചിട്ടുണ്ട് വ്യഭിചരിച്ചിട്ടുണ്ട്‌
മോഷ്ടിച്ചിട്ടുണ്ട് ഗുണ്ടാപ്പണിചെയ്തിട്ടുണ്ട്
മാനസാന്തരപ്പെട്ടിട്ടൊടുവില്‍
കര്‍ത്താവിന്റെ വേലചെയ്യുന്നു
ജീവിതം സുഖകരമിന്നു
നിങ്ങളും രക്ഷിക്കപ്പെടണം”


വചനം കേട്ടകുഞ്ഞാടുകളിലൊന്നു
ഒന്നുംമിണ്ടാതെ പരാങ്മുഖനായ്
പള്ളിക്കുപുറത്തുകടക്കെ
കാരണമന്വേഷിച്ചു പുരോഹിതന്‍


“ടിയാന്‍ പറഞ്ഞതുപോലൊന്നും
ഞാന്‍ചെയ്‌തിട്ടില്ലായാതിനാല്‍‌
ഇവയൊക്കെ ചെയ്തിട്ടു മാനസാന്തരപ്പെടാം
എങ്കിലല്ലേ കേട്ടിരിക്കാന്‍സുഖമുള്ളൊരു
സാക്ഷ്യമെനിക്കുമുണ്ടാകൂ”


നിരുദ്ധകണ്ഠനായ്‌നിന്നുപോയ്
പാവം പുരോഹിതശ്രേഷ്ഠന്‍.


///////////////////////ബന്‍സി ജോയ്
 

അഭിപ്രായങ്ങളൊന്നുമില്ല:

ചക്കോസാറിന്റെ നീതിബോധവും അപ്പുക്കുട്ടന്റെ പ്രതിസന്ധിയും

................................................... പത്താംക്ലാസ്സു ബീയിലെ അപ്പുക്കുട്ടന്‍ ഒരപ്രഖ്യാപിത സമരത്തിനു കോപ്പുകൂട്ടി. കുട്ടി...